Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘തോറ്റുപോയെന്ന് കരുതി...

‘തോറ്റുപോയെന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തരുത്.. കൂടെ നിന്ന് പൊരുതിയയാൾ’; ചേർത്തുപിടിക്കണമെന്ന് കെ.പി. നൗഷാദലി

text_fields
bookmark_border
‘തോറ്റുപോയെന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തരുത്.. കൂടെ നിന്ന് പൊരുതിയയാൾ’; ചേർത്തുപിടിക്കണമെന്ന് കെ.പി. നൗഷാദലി
cancel

മലപ്പുറം: തോറ്റുപോയി എന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയ ശേഷം ആരെയും അങ്ങനെ കൈയൊഴിയുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.പി. നൗഷാദലി എം.എൽ.എ. ബേപ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ വിജയിച്ചേനേയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നൗഷാദലിയുടെ പ്രതികരണം.

‘ഒരുപക്ഷേ പിവി അൻവർ കൈപ്പത്തി ചിഹ്നത്തിലോ കോണിചിഹ്നത്തിലോ മത്സരിച്ചാൽ ജയിക്കുമായിരുന്നു എന്നുള്ളത് ഒരു വിലയിരുത്തലാണ്. ആ വിലയിരുത്തലിൽ ചിലപ്പോൾ കഴമ്പുണ്ടായേക്കാം. കാരണം ഒരു സ്വതന്ത്ര ചിഹ്നത്തേക്കാൾ യുഡിഎഫിന്റെ രാഷ്ട്രീയ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മുൻതൂക്കം കിട്ടിയേക്കാം.

പക്ഷേ, എൽഡിഎഫിന്റെ അവസാന നാളുകളിൽ പിവി അൻവറിന്റെ കോൺട്രിബ്യൂഷൻസ് തീർച്ചയായിട്ടും യുഡിഎഫിനെ സഹായിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ഞാൻ മത്സരിച്ച ഇടങ്ങളിലൊക്കെ പിവി അൻവർ ഉണ്ടാക്കിയ ഒരു നറേറ്റീവ് സിപിഎമ്മിനെതിരെ സാമാന്യ പൊതുബോധം ഉണ്ടാക്കാൻ സഹായകമായ നിരവധി ഘടകങ്ങളിൽ ഒന്നാണ്. അദ്ദേഹം തോറ്റുപോയി എന്ന് കരുതി അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു. കൂടെ നിന്ന് പൊരുതിയ ഒരാളെ അദ്ദേഹം തോറ്റുപോകുമ്പോൾ കൈയൊഴിയുന്നതിനു പകരം ചേർത്തു നിർത്തുകയും പ്രയോജനപ്പെടുത്തുകയും കൃത്യമായ രാഷ്ട്രീയ മാർഗദർശനത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുകയുമാണ് വേണ്ടത്.

ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയ ശേഷം അൻവർ എന്നല്ല ആരെയും അങ്ങനെ കൈയൊഴിയുന്നത് ശരിയല്ല. ജയവും തോൽവിയും ഒക്കെ ജനങ്ങൾ തീരുമാനിക്കുന്നതാണ്. ഒരു മിനിറ്റ് കൊണ്ട് ഏത് പടുകൂറ്റൻ ജയവും ശൂന്യതയിലേക്ക് പതിക്കും. തിരിച്ച് ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവരികയും ചെയ്യും’ -നൗഷാദലി പറഞ്ഞു.

ബേപ്പൂരിൽ സ്ഥാനാർഥിത്വം പിഴച്ചുവെന്ന കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ പ്രസ്താവനക്കെതിരെ അൻവർ രംഗത്തുവന്നിരുന്നു. ബേപ്പൂരിൽ തന്നെ പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയാണെന്നും, പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തുമാണ് തോൽവിക്ക് കാരണമായതെന്നുമാണ് അൻവർ തുറന്നടിച്ചത്.

സഹസ്രാബ്ദങ്ങളുടെ മാരിടൈം ഹിസ്റ്ററിയുള്ള പൊന്നാനി കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും നൗഷാദലി ആവശ്യപ്പെട്ടു. ‘അധികാര വികേന്ദ്രീകരണത്തിനും വികസന ആവശ്യങ്ങൾക്കും വേണ്ടിയാണ് പുതിയ ജില്ലകൾ രൂപവത്കരിക്കുന്നത്. ജില്ല വിഭജനം എന്നത് എറണാകുളം, മലപ്പുറം എന്നതിൽ ഉപരിയായി കാലികമായി സംസ്ഥാനത്തിന് ആവശ്യമുള്ള കാര്യമാണ്. അതിനാണ് ഒരു കമീഷനെ നിയമിക്കുമെന്ന് വിഡി സതീശൻ സർക്കാർ പ്രഖ്യാപിച്ചത്. മലബാറിന് സവിശേഷമായ സാഹചര്യം ഉള്ളത് അധികാരികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1956 വരെ ഒന്നര നൂറ്റാണ്ട് കാലം മലബാർ മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു. ചിറക്കൽ, കുറുമ്പ്രനാട്, കോഴിക്കോട്, വയനാട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട്, ഫോർട്ട് കൊച്ചി തുടങ്ങിയ താലൂക്കുകൾ ആയിരുന്നു മലബാറിൽ ഉണ്ടായിരുന്നത്. ഈ താലൂക്കുകൾ കേന്ദ്രീകരിച്ചായിരുന്നു ഒന്നര നൂറ്റാണ്ട് കാലത്തെ മലബാറിന്റെ റവന്യൂ ഭരണം. ഈ താലൂക്കുകളും അതിന്റെ കേന്ദ്രീകരണവും ഒക്കെ വിസ്മരിച്ചുകൊണ്ടുള്ള ജില്ലാവിഭജനത്തിലേക്ക് സർക്കാർ പോകരുത്.

1937ലെ മദിരാശി അസംബ്ലിയിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് അന്ന് കോങ്ങാട്ടിൽ രാമൻ മേനോൻ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക സവിശേഷതകളും റവന്യൂ ഭരണത്തിൽ മുൻതൂക്കവും വലിയ പ്രാധാന്യവുമുള്ള സ്ഥലങ്ങളായിരുന്നു ഒറ്റപ്പാലവും തലശ്ശേരിയും ഒക്കെ. ഇതൊക്കെ പരിഗണിച്ചിട്ട് വേണം പുതിയ ജില്ലകൾ രൂപീകരിക്കാനും ജില്ലകളുടെ ആസ്ഥാനം നിശ്ചയിക്കാനും. എന്റെ മണ്ഡലമായ പൊന്നാനി ഒന്നര നൂറ്റാണ്ടുകാലം താലൂക്ക് ആസ്ഥാനമായിരുന്നു. ലോക്സഭാ മണ്ഡലം ആസ്ഥാനവുമാണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളെ കേന്ദ്രീകരിക്കുന്ന സഹസ്രാബ്ദങ്ങളുടെ മാരിടൈം ഹിസ്റ്ററി ഉള്ള, തിണ്ടീസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തുറമുഖവും പൊന്നാനിയാണ്. ചേരചോള സാമ്രാജ്യ കാലഘട്ടം തൊട്ട് ചരിത്രത്തിലുള്ളതാണ് ഈ സ്ഥലം. സാമൂതിരിയുടെ കാലത്ത് കുഞ്ഞാലിമരക്കാരുടെ നേവൽ ഹെഡ്ക്വാർട്ടേഴ്സായി പോർച്ചുഗീസിനെതിരായ പോരാട്ടങ്ങളുടെ മുൻനിരയിൽ നിന്ന ഒരു പ്രദേശമാണ്. തീർച്ചയായിട്ടും ജില്ല വിഭജനം ഉണ്ടാകുമ്പോൾ പൊന്നാനി കേന്ദ്രീകരിച്ചു കൂടി ഒരു ജില്ല പരിഗണിക്കണം. ഇത്തരത്തിലുള്ള ജിയോപൊളിറ്റിക്സുകളും പൈതൃകവും പാരമ്പര്യവും പരിഗണിക്കാതെ ഏതെങ്കിലുമൊക്കെ പേരുകളിലേക്ക് ജില്ലാരൂപീകരണം ഒതുങ്ങുന്നത് പ്രതിഷേധാർഹമാണ്’ -നൗഷാദലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beyporePV AnvarCongressKP Noushadali
News Summary - kp noushad ali pv anvar beypore
Next Story