കുറ്റ്യാടി: കുറ്റ്യാടിയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ശക്തമായ പ്രതികരണവുമായി സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടിയിൽ നടന്നത് പാർട്ടി അച്ചടക്ക ലംഘനമാണെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
ഏതാനും പ്രവർത്തകർ തന്‍റെ പേരിൽ മുദ്രാവാക്യം വിളിച്ചത് പാർട്ടിയുടെ പൊതു വികാരമായിട്ടോ ജനങ്ങളുടെ പ്രതിഫലനമായിട്ടോ അംഗീകരിക്കാനാവില്ല. തന്‍റെ പേരിൽ പോസ്റ്ററുകളും ഫ്ലക്സുകളും ഇറക്കിയ നടപടി തെറ്റാണെന്നും കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
പാർട്ടി പ്രവർത്തകർ ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കണം. പാർട്ടി അംഗങ്ങൾ 100 ശതമാനം അച്ചടക്കം പാലിച്ചേ മുന്നോട്ടു പോകുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റ്യാടിയിൽ മത്സരിക്കുന്ന സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും തുല്യരാണ്. പാർട്ടിയും മുന്നണിയും തീരുമാനിക്കുന്ന ആൾ കുറ്റ്യാടിയിൽ ജയിക്കുമെന്നും കുഞ്ഞമ്മദ് കുട്ടി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
കുറ്റ്യാടി മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കുറ്റ്യാടി ടൗണിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 500ഓളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഇവിടെ സി.പി.എം പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. മണ്ഡലത്തിൽ ജനകീയനായ സി.പി.എം നേതാവ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പലയിടത്തും ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
പാർട്ടി തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ട് പോസ്റ്ററുകൾ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ്.