കെ.പി. ഹാഷിം വധശ്രമം: രണ്ട് ആർ.എസ്.എസുകാർകൂടി അറസ്റ്റിൽ
text_fieldsപാനൂർ (കണ്ണൂർ): കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അണിയാരം വലിയാണ്ടി പീടികയിൽ കെ.പി. ഹാഷിമിനെ (48) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെകൂടി ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ എലാങ്കോട് സ്വദേശികളായ മീത്തൽ ഹൗസിൽ എം. പ്രജീഷ് (31), പുതുക്കുടിതാഴെ കുനിയിൽ എം.പി. ജിഷ്ണു (23) എന്നിവരെയാണ് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള കല്യാണവീട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഇടവഴിയിൽവെച്ചായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം ഹാഷിമിനെ ആക്രമിച്ചത്. ഇരുകാലുകൾക്കും കഴുത്തിനും ഗുരുതര പരിക്കുപറ്റിയ ഹാഷിം ഇപ്പോഴും ചികിത്സയിലാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നേരത്തേ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.