ചിത്താരി കെ.പി. ഹംസ മുസ്ലിയാർ അന്തരിച്ചു
text_fieldsതളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ട്രഷററും തളിപ്പറമ്പ് അൽമഖർ പ്രസിഡൻറും പണ്ഡിതനുമായ ചിത്താരി കെ.പി. ഹംസ മുസ്ലിയാർ (80) അന്തരിച്ചു. ബുധനാഴ്ച രാവിലെ തളിപ്പറമ്പ് ഏഴാം മൈലിലെ വസതിയിലായിരുന്നു അന്ത്യം. ഉച്ചവരെ വീട്ടിലും തുടർന്ന് തളിപ്പറമ്പ് നാടുകാണി അൽമഖറിലും പൊതുദർശനത്തിനുവെച്ച മയ്യിത്ത് വൈകീട്ട് അൽമഖർ കാമ്പസിൽ ഖബറടക്കി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തുടങ്ങിയവർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.
സിറാജ് ദിനപത്രം കണ്ണൂർ എഡിഷൻ സമിതി ചെയർമാൻ, കണ്ണൂർ ജില്ല സംയുക്ത ഖാദി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി, ജില്ലയിലെ വിവിധ സുന്നിസ്ഥാപനങ്ങളുടെ ഉപദേശകസമിതി ചെയർമാൻ എന്നീ പദവികളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. 1972ൽ സമസത അവിഭക്ത കണ്ണൂർ ജില്ലയുടെ പ്രഥമ മുശാവറയിൽ ജോയൻറ് സെക്രട്ടറിയായിരുന്നു.
1974 മുതൽ സമസ്ത കേരള സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി അംഗമായി. എസ്.വൈ.എസ് വർക്കിങ് പ്രസിഡൻറ്, സംസ്ഥാന ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യാ സുന്നി ജം ഇയ്യതുൽ ഉലമ രൂപവത്കൃതമായപ്പോൾ സുന്നി യൂത്ത് ഓർഗനൈസേഷെൻറ അഖിലേന്ത്യാ പ്രസിഡൻറായി.
ദയൂബന്ദ് ദാറുൽ ഉലൂമിൽനിന്ന് എം.എ ബിരുദമെടുത്തശേഷം 1951ൽ മാട്ടൂലിലായിരുന്നു ഔദ്യോഗികജീവിതത്തിന് തുടക്കംകുറിച്ചത്. അവിടെ എട്ടുവർഷം മൂദരിസായി. 1972ൽ ചിത്താരി ദർസിലേക്ക് മാറി. അവിടെ 10 വർഷത്തെ സേവനത്തിനിടയിലാണ് ‘ചിത്താരി’ എന്ന് വിളിപ്പേര് ലഭിച്ചത്. 1982ൽ തുരുത്തിയിൽ മുദരിസായി. 1983 മുതൽ ’88വരെ ജാമിഅ സഅദിയയിൽ സേവനംചെയ്തു. 1989ൽ തളിപ്പറമ്പ് അൽമഖർ സ്ഥാപിക്കപ്പെട്ടത് മുതൽ പ്രിന്സിപ്പലാണ്.
ഭാര്യ: പരേതയായ സൈനബ ഹജ്ജുമ്മ (കയ്യം). മക്കൾ: അബ്ദുല്ല, മുഹമ്മദ് ബഷീർ (ഇരുവരും അബൂദബി), അൻവർ (എ.ബി.സി സെയിൽസ് കോർപറേഷന്, തളിപ്പറമ്പ്), മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി (അൽ മഖർ ദഅ്വാ കോളജ് അധ്യാപകന്), ഉവൈസ് (ഗൾഫ്), ഫാത്തിമ, ഹഫ്സത്ത്, ഹന്നത്ത്, ഖദീജ, മിസ്രിയ, ബുഷ്റ. മരുമക്കൾ: ഹസന് എരുവാട്ടി, അഹ്മദ് സിദ്ദീഖ് നരിക്കോട് (മസ്കത്ത്), ശാഫി പട്ടുവം (അബൂദബി), ഹമീദ് മാസ്റ്റർ (നായന്മാർമൂല എൽ.പി സ്കൂൾ), ഡോ. സാഹിർ കുഞ്ഞമ്മദ്, പരേതനായ ഡോ. അഹ്മദ് സഈദ് (മട്ടന്നൂർ). സഹോദരങ്ങൾ: അബ്ദുല്ലഹാജി, ഫാത്തിമ, പരേതനായ മമ്മു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
