കോഴിക്കോട് ഇരട്ട സ്ഫോടനം: അപ്പീലിൽ ഇന്നും വാദം തുടരും
text_fieldsകൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് അപ്പീൽ ഹരജിയിൽ ഹൈകോടതിയിൽ വാദം തുടരും. മൂന്ന് ജീവപര്യന്തം തടവിന് എൻ.ഐ.എ കോടതി ശിക്ഷിച്ച തടിയന്റവിട നസീറും ഇരട്ട ജീവപര്യന്തം വിധിച്ച നാലാം പ്രതി ഷഫാസും നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. അപ്പീലിൽ വാദം പറയാൻ തിങ്കളാഴ്ച നസീറിനെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് ഹൈകോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. അഭിഭാഷകനെ നിയോഗിച്ചതിനെ തുടർന്ന് ഇയാളെ ജയിലിലേക്ക് മടക്കി അയച്ചു. ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ അഭിഭാഷകനാണ് ഹാജരായത്. ബുധനാഴ്ചയും വാദം തുടരും. എൻ.ഐ.എക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. കേസിലെ മൂന്നും ഒമ്പതും പ്രതികളെ കുറ്റമുക്തമാക്കിയതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീലും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. 2006 മാർച്ചിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കോടതി ശിക്ഷ വിധിച്ചത്.

