ആറുവർഷത്തിനു ശേഷം വിജിലിന്റെ ബൈക്ക് കണ്ടെത്തി; മൃതദേഹാവശിഷ്ടങ്ങൾക്കായി ഇന്ന് പരിശോധന
text_fieldsവിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ടെടുക്കുന്നു. (ഇൻസൈറ്റിൽ മരിച്ച വിജിൽ)
കോഴിക്കോട്: ആറുവർഷം മുമ്പ് കാണാതായ യുവാവിനെ ചതുപ്പിൽ താഴ്ത്തിയതായുള്ള സുഹൃത്തുക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെ യുവാവിന്റെ ബൈക്ക് കണ്ടെത്തി. വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപടിക്കൽ വിജയന്റെ മകൻ വിജിലിന്റെ (35) ബൈക്കാണ് പ്രതികൾ നൽകിയ വിവരത്തെത്തുടർന്ന് കല്ലായ് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് എലത്തൂർ പൊലീസ് ചൊവ്വാഴ്ച വൈകീട്ടോടെ കണ്ടെടുത്തത്.
ബൈക്ക് സംഭവസ്ഥലത്തുനിന്ന് ആദ്യം ആനിഹാൾ റോഡിനു സമീപത്തേക്ക് മാറ്റുകയും പിന്നീട് പിടികൂടുമെന്ന ഭയത്തിൽ കല്ലായ് റെയിൽവേ സ്റ്റേഷനു സമീപത്ത് ഒഴിഞ്ഞഭാഗത്ത് കൊണ്ടുവെക്കുകയുമായിരുന്നു പ്രതികൾ. കസ്റ്റഡിയിലുള്ള പ്രതി നിഖിലിനെയും പൊലീസ് സ്ഥലത്തെത്തിച്ചിരുന്നു. മൃതദേഹാവശിഷ്ടങ്ങൾക്കായി പൊലീസ് ബുധനാഴ്ച പരിശോധന നടത്തും.
രണ്ട് വർഷം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് ഉണ്ടെന്ന് പ്രതികൾ ഉറപ്പുവരുത്തിയിരുന്നു. വിജിലിന്റെ കോൾ റെക്കോർഡുകൾ ഡിലീറ്റ് ചെയ്ത ശേഷമാണ് ഫോൺ വലിച്ചെറിഞ്ഞതെന്നും സുഹൃത്തുക്കൾ കൂടിയായ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
വിജിലിന്റെ മൃതദേഹമാണ് സരോവരം ബയോപാർക്കിനോട് ചേർന്നുള്ള കണ്ടൽകാടിനുള്ളിലെ ചതുപ്പിൽ സുഹൃത്തുക്കൾ താഴ്ത്തിയത്. സംഭവത്തിൽ അറസ്റ്റിലായ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ (35), വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശി ചെന്നിയാംപൊയിൽ ദീപേഷ് (37) എന്നിവരെ മൂന്നുദിവസത്തേക്ക് കോടതി എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുനൽകി. ഒളിവിലുള്ള വിജിലിന്റെ മറ്റൊരു സുഹൃത്തായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തി (31)നായി അന്വേഷണം തുടരുകയാണ്.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ എലത്തൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം ഏപ്രിലിൽ വീണ്ടും കേസന്വേഷിച്ചതോടെയാണ് സുഹൃത്തുക്കളിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സരോവരത്തെ ഒഴിഞ്ഞ ഭാഗത്തുവെച്ച് നാലുപേരും ബ്രൗൺഷുഗർ ഉപയോഗിച്ചിരുന്നതായും ഏറെനേരം കഴിഞ്ഞിട്ടും വിജിൽ ഉണരാതിരുന്നതോടെ മറ്റുള്ളവർ തിരിച്ചുപോവുകയായിരുന്നുവെന്നുമാണ് മൊഴി.
രാത്രി വീണ്ടുമെത്തിയപ്പോഴാണ് വിജിൽ മരിച്ചെന്നുറപ്പാക്കിയത്. ഇതോടെ കുറ്റിക്കാട്ടിലേക്ക് മാറ്റിയശേഷം അടുത്ത ദിവസം മൃതദേഹം ചതുപ്പിലേക്ക് താഴ്ത്തി മുകളിൽ ചെങ്കല്ല് വെച്ചു. എട്ടുദിവസം കഴിഞ്ഞ് വീണ്ടും നോക്കിയപ്പോൾ തല വെള്ളത്തിനു മുകളിലേക്ക് ഉയർന്നത് കണ്ടതോടെ ഭാരമേറിയ കല്ലെടുത്ത് മുകളിൽ വെച്ചു. മാസങ്ങൾക്കു ശേഷം വീണ്ടുമെത്തി അസ്ഥിയെടുത്ത് ബലിതർപ്പണം നടത്തിയശേഷം കടലിൽ ഒഴുക്കിയെന്നാണ് പ്രതികളുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

