കോഴിക്കോട്: കോവിഡ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സ്വകാര്യ ആശുപത്രികളും ഒരുങ്ങുന്നു. സർക്കാർ തീരുമാനത്തിെൻറ ഭാഗമായാണ് നടപടി. 100 കിടക്കകളുള്ള ഫസ്റ്റ് ൈലൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുക്കാനാണ് ജില്ല ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്.
ആദ്യഘട്ടത്തിൽ കോഴിക്കോട് നഗരത്തിെൻറ നാലു പ്രധാന ആശുപത്രികളിൽ ഒരുക്കാമെന്നാണ് സർക്കാർ തീരുമാനം. സ്റ്റാർ കെയർ, ഇഖ്റ, മൊടക്കല്ലൂർ എം.എം.സി, കെ.എം.സി.ടി ആശുപത്രികളാണ് സർക്കാർ തയാറാക്കിയ പട്ടികയിലുള്ളത്. ഇവിടെ വരുന്ന ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ ഇവർക്ക് ചികിത്സിക്കാം. ചെലവ് രോഗികൾ വഹിക്കണം. മറ്റ് ആശുപത്രികളിൽ കോവിഡിതര രോഗികളെ ചികിത്സിക്കാനും സൗകര്യമുണ്ടാകും.
വിട്ടുകൊടുക്കുന്നത് പ്രായോഗികമല്ലെന്ന് സ്റ്റാർ കെയർ
നിലവിലെ സാഹചര്യത്തിൽ ആശുപത്രി കോവിഡ് രോഗ പരിപാലനത്തിനായി വിട്ടുകൊടുക്കുന്നത് പ്രായോഗികമല്ലെന്ന് സ്റ്റാർകെയർ മാനേജ്മെൻറ് വൃത്തങ്ങൾ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാറിനൊപ്പം നിലകൊള്ളുന്നുവെങ്കിലും ആശുപത്രിയുടെ ഘടനാപരമായ അപര്യാപ്തതയും നിലവിൽ ചികിത്സയിലിരിക്കുന്നതും പ്രസവം, ആൻജിയോപ്ലാസ്റ്റി, ശസ്ത്രക്രിയ, ഡയാലിസിസ് മുതലായവക്ക് കാത്തിരിക്കുന്നവരുമായ രോഗികളുടെ ആരോഗ്യ സംരക്ഷണവും മാനിച്ചാണ് വിട്ടുനിൽക്കുന്നത്. കോവിഡ് നേരിട്ട് ബാധിക്കാത്ത ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കി കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടാകുമെന്ന് ആശുപത്രി മാനേജ്മെൻറ് വിശദീകരിച്ചു.