കോഴിക്കോട് വിമാന ദുരന്തം: റിപ്പോർട്ട് വൈകും
text_fieldsന്യൂഡൽഹി: കോഴിക്കോട് കരിപ്പൂർ വിമാന ദുരന്തത്തെക്കുറിച്ച് വിശദാന്വേഷണം നടത്തുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചുരുങ്ങിയത് രണ്ടു മാസം വൈകും. മൂന്നു മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകാത്ത വിഷയം കെ. മുരളീധരൻ എം.പി വ്യാഴാഴ്ച നടന്ന പാർലമെൻറിെൻറ വ്യോമയാന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചപ്പോൾ വ്യോമയാന സെക്രട്ടറി പ്രദീപ്സിങ് ഖരോളയാണ് ഇക്കാര്യം അറിയിച്ചത്.
വിദഗ്ധർ ഉൾപ്പെട്ട സമിതി വിവിധ വശങ്ങൾ പരിശോധിക്കുകയാണെന്നും വേഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് സമിതിയെ നിർബന്ധിക്കാൻ സാധിക്കില്ലെന്നും സെക്രട്ടറി വിശദീകരിച്ചു. എയർക്രാഫ്ട് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നേരത്തെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയിരുന്നു. മംഗലാപുരം വിമാനദുരന്തം നടന്ന് ഒരു മാസത്തിനകംതന്നെ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച കാര്യം മുരളീധരൻ ചൂണ്ടിക്കാട്ടി.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം വൈകാതെ വിമാനത്താവളം സന്ദർശിക്കുമെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചതായി മുരളീധരൻ പറഞ്ഞു.