കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് പാത: ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു
text_fieldsമഞ്ചേരി: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായി അധിക ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു. ത്രീ എ വിജ്ഞാപനം ഇറങ്ങി ഒരു വർഷത്തിനകം ത്രീ ഡി വിജ്ഞാപനം ഇറക്കാൻ ദേശീയപാത അതോറിറ്റിക്ക് സാധിക്കാത്തതാണ് കാരണം. മലപ്പുറം, പാലക്കാട് ജില്ലകളിൽ അധിക ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
2024 ജൂലൈ രണ്ടിന് ത്രീ എ വിജ്ഞാപനം ഇറങ്ങിയെങ്കിലും തുടർന്ന് ത്രീ ഡി വിജ്ഞാപനം ഉണ്ടായില്ല. മലപ്പുറം ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന അധിക ഭൂമി സംബന്ധിച്ച് ത്രീ ഡി തയാറാക്കി സമർപ്പിച്ചെങ്കിലും കേന്ദ്ര ഉപരിതല മന്ത്രാലയം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല. പാലക്കാട് ജില്ലയിൽ ത്രീ ഡി സമർപ്പിച്ചിരുന്നുമില്ല. റോഡിന്റെ രൂപരേഖ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാത്തതിനാലാണ് അധിക ഭൂമിക്കായുള്ള ത്രീ ഡി വിജ്ഞാപനം ഇറങ്ങുന്നത് തടസ്സപ്പെട്ടത്.
ഈ വർഷം ജൂലൈ ആദ്യവാരത്തിൽ ടെൻഡർ നടപടികൾ ആരംഭിക്കാനാകുമെന്നായിരുന്നു എൻ.എച്ച്.എ.ഐയുടെ പ്രതീക്ഷ. ഇതിനായി 97 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. പാതയിലേക്ക് 12 ഇടങ്ങളിൽ പ്രവേശന റോഡുകൾ അനുവദിക്കുമെന്നായിരുന്നു ദേശീയപാത അതോറിറ്റി ആദ്യം അറിയിച്ചത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറക്കണമെന്ന നിലപാടിലെത്തി. ഇത് പാതയുടെ നിർമാണത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി. ഇതോടെ പ്രതിഷേധം ഉയർന്നു.
പ്രവേശന റോഡ് സംബന്ധിച്ച തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടായേക്കുമെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാത 121 കിലോമീറ്ററാണ്. 10,800 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. പാലക്കാട് ജില്ലയിൽ 61.4 കിലോമീറ്ററും മലപ്പുറം ജില്ലയിൽ 53 കിലോമീറ്ററും കോഴിക്കോട് ആറര കിലോമീറ്ററുമാണ് പാതയുടെ ദൈർഘ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

