ഇനി ആശുപത്രിക്കിടക്കയിലും ഇവര്‍ക്ക് അക്ഷരത്തോട് കൂട്ടുകൂടാം
text_fieldsകോഴിക്കോട്: കീമോതെറപ്പിയുടെയും മറ്റും വേദനകള്‍ തളര്‍ത്തുന്നതുമൂലം സ്കൂളില്‍ പോവാന്‍ മടിയും അപകര്‍ഷതാബോധവും കാണിക്കുന്ന കുരുന്നുരോഗികള്‍ക്കായി പഠനത്തിന് അവസരമൊരുക്കി മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണവിഭാഗം. രക്താര്‍ബുദവും മറ്റു മാരകരോഗങ്ങളും ബാധിച്ച് ആശുപത്രിയില്‍ തുടര്‍ ചികിത്സക്കത്തെുന്നവരും ലുക്കീമിയ വാര്‍ഡില്‍ ദീര്‍ഘകാലമായി ചികിത്സ തേടുന്നവരുമായ കുരുന്നുകള്‍ക്കാണ് ആശുപത്രിയില്‍വെച്ചുതന്നെ വിദ്യാഭ്യാസത്തിന് സംവിധാനമൊരുങ്ങുന്നത്. ഹോസ്പിറ്റല്‍ ലേണിങ് സെന്‍റര്‍ എന്ന പദ്ധതി നെസ്റ്റ് കെയര്‍ ഫൗണ്ടേഷനും കെയറിങ് ഫോര്‍ ചില്‍ഡ്രന്‍ വിത് ക്രോണിക് ഇല്‍നസുമായി (സിഫോര്‍ സി.സി.ഐ) സഹകരിച്ചാണ് മാതൃശിശു സംരക്ഷണകേന്ദ്രം (ഐ.എം.സി.എച്ച്) നടപ്പാക്കുന്നത്.
ഐ.എം.സി.എച്ചില്‍ ഒന്നുമുതല്‍ 15 വയസ്സുവരെയുള്ള 200ഓളം കുട്ടികള്‍ ഇങ്ങനെ ചികിത്സതേടുന്നവരുണ്ട്. ഇതില്‍ അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ക്കാണ് പുതിയ സംവിധാനത്തിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചത്തൊനാവുക. വര്‍ഷങ്ങളോളം നീളുന്ന ചികിത്സയും ആശുപത്രിവാസവുംകൊണ്ട് പലരും പഠനത്തില്‍ പിന്നാക്കം പോവുകയും സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപരിഹാരമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും യു.എസ് പോലുള്ള വികസിതരാഷ്ട്രങ്ങള്‍ വിജയകരമായി നടപ്പാക്കിവരുന്ന മാതൃകയാണിതെന്നും പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്ന ശിശുരോഗ വിഭാഗത്തിലെ ഡോ. ടി.പി. അഷ്റഫ് പറഞ്ഞു.
നിരന്തരമായ ആശുപത്രിവാസം മൂലം പഠനത്തിലുണ്ടാകുന്ന വിടവ് നികത്തുക, സ്കൂള്‍ അധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികളുടെ തുടര്‍പഠനം ഉറപ്പുവരുത്തുക, കുട്ടികള്‍ക്കും കുടുംബത്തിനും ആവശ്യമായ മാനസികപിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. പ്രധാനമായും ഇംഗ്ളീഷ്, ഗണിതം, ഭാഷ എന്നിവയാണ് പഠിപ്പിക്കുക. കുട്ടികളെ പഠിപ്പിക്കുന്നതിനും രക്ഷിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനുമായി ഒരു അധ്യാപികയെ നിയമിക്കുന്നുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഇത്തരം കുരുന്നുകള്‍ക്ക് വിദ്യാഭ്യാസവും സാമൂഹികസുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
