കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഗ്നി ബാധ: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയുണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്.ഡി.പി.ഐ. അഞ്ചു പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
അത്യാഹിതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികില്‍സാ ചെലവ് സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണം. ആതുരാലയം തന്നെ മരണക്കെണിയാകുന്ന തീവ്രദുരന്തമാണ് നടന്നിരിക്കുന്നത്. നമ്പര്‍ വണ്‍ എന്ന മുഖസ്തുതിയ്ക്കപ്പുറം കേരളത്തിലെ ആരോഗ്യ ചികില്‍സാ രംഗം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.
അപകടസമയത്ത് രോഗികളെയും കൂട്ടിരിപ്പുകാരെയും രക്ഷിക്കാന്‍ അടിയന്തര സംവിധാനം പോലുമുണ്ടായിരുന്നില്ല എന്നത് ഞെട്ടലുളവാക്കുന്നതാണ്. കുറച്ചാളുകള്‍ പോലും സഞ്ചരിക്കുന്ന വാഹനത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് നിര്‍ബന്ധമാണെന്നിരിക്കേ നൂറുകണക്കിന് രോഗികള്‍ ചികില്‍സയ്‌ക്കെത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എമര്‍ജന്‍സി എക്‌സിറ്റ് പോലുമില്ലെന്നത് ഖേദകരമാണ്.
രക്ഷപ്പെടാനുള്ള ഒരു വാതില്‍ താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. നമുക്ക് കൊട്ടിഘോഷിക്കുന്ന വായ്ത്താരികള്‍ക്കപ്പുറം പ്രായോഗിക സംവിധാനങ്ങളാണ് ആവശ്യം. ആരോഗ്യമേഖലയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധനങ്ങള്‍ എത്രമാത്രം കുത്തഴിഞ്ഞതാണെന്ന് ഒരിക്കല്‍ കൂടി സംഭവം തെളിയിക്കുന്നു.
അലംഭാവത്തിന്റെയും കൃത്യവിലോപത്തിന്റെയും പര്യായമായി കോഴിക്കോട് മെഡിക്കല്‍ മാറിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ ഉപേക്ഷിക്കുക, രോഗിയെ പീഡിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ഒട്ടേറെ സംഭവങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അരങ്ങേറിയിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പഴുതടച്ച അന്വേഷണവും നടപടികളുമാണ് ആവശ്യമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

