കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; അഞ്ചുപേരുടെ മരണത്തിൽ കേസെടുത്തു
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് അവിടെ സംഭവിച്ചതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ അതിന്റെ കാരണങ്ങൾ കണ്ടെത്താനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ കോഴിക്കോട് മെഡിക്കൽ കോളജ് സന്ദർശം കഴിഞ്ഞാൽ മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തീപിടിത്തത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി.
മെഡിക്കൽ കോളജിലെ അത്യഹിത വിഭാഗത്തിന്റെ സേവനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഡോക്ടർമാരെയും താത്കാലികമായി ബിച്ച് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ താഴെ നിലയിലെ സി.ടി സ്കാനിന് സമീപമുള്ള യു.പി.എസ് റൂമിൽ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നത്. പുക മുഴുവൻ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ചിതറിയോടി. ത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

