സാറ ജുക്കാക്കുവിന്റെ പിതൃ സഹോദരൻ കോഴിക്കോട്ടുകാരൻ; അൽ സഈദിന്റെ വിജയത്തിൽ ആഹ്ലാദം
text_fieldsകോഴിക്കോട്: അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം എന്ന ചരിത്രനേട്ടം കുറിച്ച ഈജിപ്ഷ്യൻ വംശജനായ അബ്ദുൽ അൽ സഈദിന്റെ ചരിത്രവിജയത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കോഴിക്കോടും. അബ്ദുൽ അൽ സഈദിന്റെ ഭാര്യ സാറ ജുക്കാക്കുവിന്റെ പിതാവിന്റെ സഹോദരൻ (എളാപ്പ) ജുക്കാക്കു അബ്ദുൽ മജീദ് കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യവസായിയാണ്.സാറയുടെ പിതാവായ ഡോക്ടർ തയ്യമിന്റെ സഹോദരനാണ് ഇദ്ദേഹം. അടുത്ത ബന്ധു അമേരിക്കൻ സെനറ്റിലേക്ക് ചരിത്രവിജയം കുറിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ജുക്കാക്കു അബ്ദുൽ മജീദ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് വിളിച്ചപ്പോഴും വിജയസാധ്യത വളരെ കുറവാണെന്നാണ് സാറ പറഞ്ഞിരുന്നതെന്ന് ജുക്കാക്കു അബ്ദുൽ മജീദ് വ്യക്തമാക്കുന്നു. കേവലം 2.5 ശതമാനം മാത്രം മുസ്ലിം ജനസംഖ്യയുള്ള പ്രദേശമായതിനാൽ വിജയിക്കുക എളുപ്പമായിരുന്നില്ല. അതിനുപുറമേ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഈദിനെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. ഇദ്ദേഹം ഫലസ്തീന് വേണ്ടി പരസ്യമായി സംസാരിച്ചതും മുസ്ലിം സ്വത്വം ഉയർത്തിപ്പിടിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പുകൾ. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അദ്ദേഹം നേടിയ വിജയം വലിയൊരു അനുഗ്രഹമാണെന്ന് ജുക്കാക്കു അബ്ദുൽ മജീദ് പറഞ്ഞു.
മിഷിഗണിൽ നിന്നുള്ള വിജയം അൽ സഈദിനെ യു.എസ് സെനറ്റിലെത്തിക്കുന്നതോടൊപ്പം അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററെന്ന നേട്ടവും സമ്മാനിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം സ്വത്വം ചർച്ചയാകുമ്പോഴെല്ലാം വിദ്വേഷ പ്രചാരണങ്ങളും തീവ്രവാദ ആരോപണങ്ങളും ഉയരാറുണ്ട്. അത്തരം പ്രചാരണങ്ങൾക്കു മുന്നിൽ പതറാതെയാണ് അൽ സഈദ് മുന്നേറിയത്.
രാഷ്ട്രീയ പ്രവേശനകാലം മുതൽ അൽ സഈദിന് വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. 2018ലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. 2026ലെ സെനറ്റ് തെരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങൾ ആവർത്തിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സും യു.എസ് പ്രിസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തെ തീവ്രവാദത്തോട് അനുഭാവമുള്ളയാളായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു. അൽ സഈദിനെ ‘ജിഹാദിസ്റ്റ്'’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കയോടുള്ള അദ്ദേഹത്തിന്റെ കൂറിനെയും ട്രംപ് പ്രചാരണവേളയിൽ ചോദ്യം ചെയ്തിരുന്നു.
അൽ സഈദിനെതിരെ എതിർപ്പ് ഉയർന്നത് റിപ്പബ്ലിക്കൻ ക്യാമ്പിൽനിന്ന് മാത്രമായിരുന്നില്ല. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും അദ്ദേഹത്തിനെതിരെ വിയോജിപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേൽ-ഗസ്സ വിഷയത്തിലെ നിലപാടും പാർട്ടിയിലെ മധ്യനിര നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹത്തിനെതിരായ ആഭ്യന്തര എതിർപ്പിന് കാരണമായിരുന്നു.
1984 ഒക്ടോബർ 31ന് മിഷിഗണിൽ ജനിച്ച അൽ സഈദ് ഈജിപ്ഷ്യൻ കുടിയേറ്റ കുടുംബത്തിലെ അംഗമാണ്. മിഷിഗൺ സർവകലാശാലയിൽനിന്ന് ബയോളജിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിയ അദ്ദേഹം, പിന്നീട് റോഡ്സ് സ്കോളർഷിപ്പ് നേടി ഓക്സ്ഫഡ് സർവകലാശാലയിൽ പൊതുജനാരോഗ്യത്തിൽ ഗവേഷണ ബിരുദം പൂർത്തിയാക്കി. കൊളംബിയ സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും നേടി. പൊതുജനാരോഗ്യത്തിലും എപ്പിഡെമിയോളജിയിലുമായിരുന്നു തുടർന്നുള്ള ശ്രദ്ധ.
2015ൽ ഡെട്രോയിറ്റ് നഗരത്തിലെ പൊതുജനാരോഗ്യ വകുപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കയിലെ ഒരു വലിയ നഗരത്തിന്റെ ആരോഗ്യവകുപ്പ് തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. നഗരത്തിലെ സ്കൂൾ കുട്ടികൾക്ക് സൗജന്യ കണ്ണടകൾ ലഭ്യമാക്കൽ, സ്കൂളുകളിലെ മലിനീകരണം തടയൽ, പൊതുജനാരോഗ്യ സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അക്കാലത്ത് ജനപ്രീതി നേടിയിരുന്നു.

