കോഴിക്കോടിന് മന്ത്രിമാരില്ല; ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും
text_fieldsകോഴിക്കോട്: 13ൽ 12 സീറ്റ് നൽകിയിട്ടും യു.ഡി.എഫ് മന്ത്രിസഭയിൽ കോഴിക്കോടിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും. ആറിൽ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്, കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് യോഗ്യതയെന്ത് എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം ഐ.എൻ.ടി.യു.സിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയന്തും ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ലയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പുറത്താവുകയായിരുന്നു. മുസ്ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണ് സഭയിലെത്തുക. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇത് അണികളെയും യു.ഡി.എഫ് പ്രവർത്തകേയും തൃപ്തരാക്കിയിട്ടില്ല.
എതാണ്ട് എല്ലാ ജില്ലകളിൽനിന്നും മന്ത്രിമാരുള്ള സഭയിൽ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടിന് ഒരു ‘മുഴുവൻ മന്ത്രി’യെ കൊടുക്കാൻ യു.ഡി.എഫിനായില്ല. രണ്ട് പിണറായി മന്ത്രിസഭകളിലും ജില്ലക്ക് രണ്ട് വീതം മന്ത്രിമാരുണ്ടായിരുന്നു. കൂടാതെ രണ്ടാം പിണറായി സഭയിൽ രണ്ടര വർഷം ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിയായി. പി.വി. അൻവർ ജയിച്ചാൽ മന്ത്രിയാക്കുമെന്ന് വരെ വാക്ക് കൊടുത്ത സതീശൻ മുഖ്യമന്ത്രിയായാപ്പോൾ ലീഗിനോ കോൺഗ്രസിനോ ജില്ലക്ക് ഒരു മന്ത്രിയെപോലും കൊടുക്കാനായില്ല.
മലപ്പുറം കഴിഞ്ഞാൽ ലീഗിന് ഏറ്റവും കുടുതൽ എം.എൽ.എമാർ ഉള്ള ജില്ലയാണ് കോഴിക്കോട്. മത്സരിച്ച ആറിൽ ആറ് പേരും ജയിച്ചു. നൂറിൽ നൂറ് വിജയം നേടിയ കോഴിക്കോടിന് മന്ത്രിയുണ്ടാവുമെന്ന് മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് എം.കെ. മുനീർ കഴിഞ്ഞ ദിവസം ഉറച്ച പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിന് തിരികൊളുത്തിയ ജില്ലയാണ് കോഴിക്കോട്. എൽ.ഡി.എഫിന്റെ കോട്ടയിൽ പോയി ലീഗിന്റെ പുതുമുഖ സ്ഥാനാർഥികൾവരെ ഉയർത്തിയ വെല്ലുവിളിയാണ് പിന്നീട് സംസ്ഥാനമാകെ ആരവമായി പടർന്നത്. മന്ത്രിസ്ഥാനം നേടിയെടുക്കുന്നതിൽ ജില്ലനേതൃത്വം പരാജയപ്പെട്ടുവെന്നാണ് അണികളുടെ വികാരം.
കോൺഗ്രസ് കാൽനൂറ്റാണ്ടിന് ശേഷം വൻതിരിച്ചുവരവ് നടത്തിയ ജില്ലയാണ് കോഴിക്കോട്. 25 വർഷമായി ഇവിടെ ഒരു എം.എൽ.എ പോലുമുണ്ടായിരുന്നില്ല. ഇത്തവണ കൈപത്തി ചിഹ്നത്തിൽ മത്സരിച്ച അഞ്ചുപേരും ജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അൻവർ മാത്രമാണ് ജില്ലയിൽ തോറ്റത്. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷയില്ലാത്ത കോഴിക്കോട് നോർത്ത്, എലത്തൂർ എന്നിവിടങ്ങളിൽപോലും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചുകയറി. ഗ്രൂപ് സമവാക്യങ്ങളിൽ തട്ടി പ്രതീക്ഷ പൊലിഞ്ഞതിനാൽ കോഴിക്കോട്ടുനിന്ന് കോൺഗ്രസിന് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ടായിരുന്നു. അതേസമയം, ലീഗ് ജില്ലയെ പരിഗണിക്കുമെന്നായിരുന്നു യു.ഡി.എഫ് പ്രവർത്തകരുടെ ആശ്വാസവും പ്രതീക്ഷയും. കോൺഗ്രസ്-ലീഗ് നേതൃത്വത്തിന് അണികൾക്കുമുന്നിൽ ഏറെ വിയർക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വടകര മേഖലയിൽ ഉൾപ്പെടെ പരസ്യപ്രതിഷേധം ഉയർന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

