കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം: കടലോരവാസികളോട് ചിറ്റമ്മ നയം, ആറ് ഡിവിഷനുകൾ രണ്ടായി ചുരുങ്ങി
text_fieldsകോഴിക്കോട് കോർപറേഷൻ ഓഫിസ്
കോഴിക്കോട്: കോർപറേഷൻ വാർഡ് വിഭജനത്തിൽ കടലോരവാസികളോട് ചിറ്റമ്മ നയമെന്ന് ആക്ഷേപം. കടലോര മേഖലയിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന തെക്കെപ്പുറം ഭാഗത്തെ ആറ് ഡിവിഷനുകൾ 20 വർഷംകൊണ്ട് ലോപിച്ച് രണ്ടായി ചുരുങ്ങി. വാർഡുകളിലാവട്ടെ ഉൾക്കൊള്ളാൻ പറ്റുന്നതിലധികം വോട്ടുകളും. 2005 വരെ കോർപറേഷൻ വാർഡ് ഡിവിഷൻ പട്ടികയിൽ കുറ്റിച്ചിറ, ചെമ്മങ്ങാട്, ചാപ്പയിൽ, മുഖദാർ, പള്ളിക്കണ്ടി, കുണ്ടുങ്ങൽ എന്നീ ആറ് ഡിവിഷനുകൾ 2025ലെത്തുമ്പോൾ മുഖദാർ, കുറ്റിച്ചിറ എന്നീ ഡിവിഷനുകളായി ചുരുങ്ങി. കോഴിക്കോട് നഗത്തിലെ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖലയിലെ വാർഡുകളാണ് ഇത്തരത്തിൽ ലോപിച്ച് ഇല്ലാതായത്. ഇത് ഈ മേഖലയിലെ വികസന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.
ജനസാന്ദ്രത പരിഗണിക്കാതെ വീടുകളുടെ എണ്ണം കണക്കാക്കി വാർഡ് വിഭജിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. മുഖദാർ വാർഡിൽ 12,181 വോട്ടർമാരെ ഉൾക്കൊള്ളിച്ച കോർപറേഷൻ നടക്കാവ് വാർഡിൽ 3181 വോട്ടർമാരെ മാത്രമാണ് ഉൾപ്പെടുത്തിയത്. അതായത്, 12,000ത്തിന് മുകളിൽ വോട്ടർമാരുള്ള മുഖദാറിലേക്കും വെറും 3200ൽ താഴെ വോട്ടർമാരുള്ള നടക്കാവ് വാർഡിലേക്കും കോർപറേഷൻ അനുവദിക്കുക ഒരേ അനുപാതത്തിലുള്ള ആനുകൂല്യങ്ങളായിരിക്കും. കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ വോട്ടർമാരെ ഒരു വാർഡിൽ കുത്തിനിറച്ചതെന്ന് പ്രതിപക്ഷ ഉപ നേതാവ് കെ. മൊയ്തീൻ കോയ ആരോപിച്ചു. ഇത് വോട്ടർമാരോടുള്ള വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
കടലോര മേഖലകളിലാണ് കോർപറേഷനിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള എല്ലാ വാർഡുകളും. മുഖദാർ- 12,181, കുറ്റിച്ചിറ- 9669, ബേപ്പൂർ- 9437, മാറാട്- 9060. അതേസമയം നടക്കാവിൽ 3181ഉം മാവൂർ റോഡ് വാർഡിൽ 3280ഉം കുറ്റിയിൽ താഴത്ത് 3924ഉം കാരപ്പറമ്പിൽ 3973ഉം വോട്ടർമാർ മാത്രമാണുള്ളത്. അറബിക്കടൽ മുതൽ കല്ലായ് നാഷനൽ ഹൈവേ റോഡ് വരെയും ഫ്രാൻസിസ് റോഡ് മുതൽ കല്ലായ് പുഴ വരെയുമാണ് നിലവിൽ മുഖദാർ ഡിവിഷൻ. ഫ്രാൻസിസ് റോഡ് മുതൽ കോർപറേഷൻ ഓഫിസ് റോഡ് വരെ നീളുന്നതാണ് കുറ്റിച്ചിറ വാർഡ്.
ചാലപ്പുറം വാർഡിൽനിന്ന് നാല് ബൂത്തുകൾ, അതായത് 3243 വോട്ടുകൾ മുഖദാറിലേക്കും വലിയങ്ങാടിയിലെ മൂന്ന് ബൂത്തുകൾ കുറ്റിച്ചിറയിലേക്കുമായാണ് ഇത്തവണ വാർഡ് വിഭജനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

