വീട്ടിൽ ഒറ്റപ്പെട്ട കുതിരകളെ ഏറ്റെടുത്ത് കോഴിക്കോട് കോർപറേഷൻ; ഉടമ അയൽവാസിയെ വെടിവെച്ച കേസിൽ ജയിലിൽ
text_fieldsകോഴിക്കോട്: കുതിരകളുടെ വിസർജ്യം ഒഴുക്കിയതായി ബന്ധപ്പെട്ട തർക്കത്തിൽ അയൽവാസിയായ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച കേസിലെ പ്രതിയുടെ കുതിരകളെ കോഴിക്കോട് കോർപറേഷൻ ഏറ്റെടുത്തു. കുതിരകളെ ആരും സംരക്ഷിക്കാത്ത സാഹചര്യത്തിൽ സമീപവാസികളാണ് ഏതാനും ദിവസമായി ഭക്ഷണം നൽകിയിരുന്നത്.
വെസ്റ്റ് ഹിൽ ബിജി റോഡിലെ ഷിംജിത്താണ് പ്രതി. തന്റെ വീടിനോട് ചേർന്നുള്ള താൽക്കാലിക കുതിരലായത്തിൽ നിന്നുള്ള മാലിന്യവും കുതിരകളുടെ വിസർജ്യവും ഒഴുക്കിയതുമായി ബന്ധപ്പെട്ട് അയൽവാസിയായ പുഷ്പലതയുമായി മാസങ്ങളായി തർക്കം നിലനിന്നിരുന്നു. ഒക്ടോബർ നാലിന് രാവിലെ പത്ത് മണിയോടെ, വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകി മടങ്ങിയെത്തിയ പുഷ്പലതയുമായി ഷിംജിത്ത് വീണ്ടും വാക്കേറ്റത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായപ്പോൾ ഷിംജിത്ത് എയർഗൺ ഉപയോഗിച്ച് മൂന്നുതവണ വെടിയുതിർത്തു. വയറ്റിൽ രണ്ട് വെടിയേറ്റ പുഷ്പലതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. സംഭവസ്ഥലത്തുനിന്ന് തന്നെ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതി ജയിലിലായതോടെ വീട്ടിലുണ്ടായിരുന്ന കുതിരകൾ തീറ്റയോ വെള്ളമോ ലഭിക്കാതെ ഒറ്റപ്പെട്ട നിലയിലായി. പരിചരിക്കാൻ ആളില്ലാത്ത കുതിരകളുടെ സംരക്ഷണത്തിന് നടപടിയെടുക്കാൻ വെള്ളയിൽ പൊലീസ് മൃഗസംരക്ഷണ വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. മൃഗസംരക്ഷണ വകുപ്പിന്റെ സ്പെഷൽ വിങ്ങിന്റെ നേതൃത്വത്തിൽ കുതിരകളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.
എന്നാൽ, കുതിരകൾക്ക് ശുശ്രൂഷ നൽകുകയാണ് വകുപ്പ് ചെയ്യുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. അനാഥമാകുന്ന വളർത്തു മൃഗങ്ങളുടെ സംരക്ഷണം കോർപറേഷൻ ആരോഗ്യ വിഭാഗമാണ് ഏറ്റെടുക്കേണ്ടെതെന്നും അവർ കൂട്ടിച്ചേർത്തു. ഒടുവിൽ, മൃഗങ്ങളുടെ ക്ഷേമവും പൊതുജനാരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് കോർപറേഷൻ പ്രശ്നത്തിൽ ഇടപെട്ടത്.
സാധാരണ ജീവനക്കാർക്ക് കുതിരകളെ പരിപാലിക്കാൻ സാധിക്കാത്തതിനാൽ ഇവയെ നോക്കാൻ വിദഗ്ധരായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ പറഞ്ഞു. വനംവകുപ്പിന്റെ സഹായം തേടുമെന്നും വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ വൈദ്യപരിശോധനയും ഭക്ഷണക്രമവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

