45 പവൻ മോഷ്ടിച്ചയാളെ ബംഗാളിൽ പോയി പൊക്കി കോഴിക്കോട് ചേവായൂർ പോലീസ്
text_fieldsകോഴിക്കോട്: ഡോക്ടറുടെ വീട്ടിൽനിന്നും 45 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിൽ പോയി പൊക്കി ചേവായൂർ പൊലീസ്. വെസ്റ്റ് ബംഗാൾ സ്വദേശി തപസ് കുമാർ സാഹയെ കോഴിക്കോട് സിറ്റി കമീഷണർ ടി. നാരായണന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.
സെപ്റ്റബർ 28ന് പുലർച്ചെ ചേവായൂർ - ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നാണ് 45 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ കവർന്നത്. വീടിന്റെ മുൻ വാതിൽ തകർത്ത് വീട്ടിനകത്തെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 10,000 രൂപയും കവരുകയായിരുന്നു. ഡോക്ടറും കുടുംബവും തിരുവനന്തപുരത്തുള്ള വീട്ടിൽ പോയി തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിവാകുന്നത്.
ചേവായൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. രാവിലെ ആറിന് ചേവരമ്പലം ജങ്ഷനിൽനിന്നും ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഓട്ടോയുടെ നമ്പർ ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയാത്തതിനാൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ അടക്കം കാരന്തൂർ വരെയുള്ള 220 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ പ്രതി മോഷണം നടത്തിയതിന്‍റെ തലേദിവസം വൈകുന്നേരം മുതൽ പല റെസിഡൻസ് കോളനികളിലും ചുറ്റിക്കറങ്ങിയതായി തെളിഞ്ഞു.
തുടർന്ന് അന്വേഷണസംഘം സൈബർസെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽനിന്നാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് മനസ്സിലാക്കിയത്. പ്രതി ബംഗാളിലെ റാൺഘട്ട് എന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് വിമാനത്തിൽ റാൺഘട്ടിലെത്തുകയും, റാൺഘട്ട് പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ താമസ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബംഗാളിൽനിന്ന് ട്രെയിനിൽ കോയമ്പത്തൂർ വഴി കോഴിക്കോട് എത്തിയ പ്രതി നടന്ന് ചേവരമ്പലത്ത് എത്തുകയും മോഷണം നടത്തി പിറ്റേ ദിവസം തന്നെ
ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ, മയക്കുമരുന്ന് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി സമാനരീതിയിൽ കേരളത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, മിജോ ജോസ്, സി.പി.ഒ വിജ്നേഷ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ്, പ്രജിത്ത് എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

