സാങ്കേതിക തകരാർ: ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനം കൊച്ചിയിൽ ഇറക്കി; യാത്രക്കാർ സുരക്ഷിതർ
text_fieldsനെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ അറേബ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യു.എ.ഇയിലെ ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വിമാനം ശനിയാഴ്ച പുലർച്ചെയാണ് കൊച്ചിയിൽ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് കുട്ടികൾ ഉൾപ്പെടെയുള്ള 179 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
എയർ അറേബ്യ G9 454 വിമാനത്തിന്റെ എൻജിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റത്തിനുണ്ടായ തകരാറാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാൻ കാരണം. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് പുലർച്ചെ 3:20 ഓടെ വിമാനത്താവളത്തിൽ ലോക്കൽ സ്റ്റാൻഡ്ബൈ പ്രഖ്യാപിക്കുകയും, തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനായി പൂർണ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു.
എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 3:40നാണ് വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് നിർദിഷ്ട പാർക്കിങ് ബേയിലേക്ക് മാറ്റി. സുരക്ഷാ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് ഉടൻതന്നെ അടിയന്തരാവസ്ഥ പിൻവലിച്ചതായി സിയാൽ വക്താവ് അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും വിമാനത്താവളത്തിൽ മറ്റ് സർവിസുകൾ സാധാരണ നിലയിൽ കൊണ്ടുപോകാൻ കഴിഞ്ഞെന്നും വ്യക്തമാക്കി.
വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ അടിയന്തരമായി പരിഹരിച്ച ശേഷം, രാവിലെ 7:15-ഓടെ വിമാനം യാത്രക്കാരുമായി കൊച്ചിയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

