തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ 20 മിനിറ്റ് റോഡിൽ പിടഞ്ഞു; കോഴിക്കോട് കാറിടിച്ച് 18 കാരന് ദാരുണാന്ത്യം
text_fieldsകോഴിക്കോട് : ദേശീയപാത ബൈപ്പാസിലെ കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് കാറിടിച്ച് പതിനെട്ടുകാരനായ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്ന് 20 മിനിറ്റോളം ജീവനുവേണ്ടി പിടഞ്ഞ യുവാവിനെ വഴിയെ പോയ വാഹനങ്ങളോ യാത്രക്കാരോ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.25 ഓടുകൂടിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് നഗരഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീനെ അതേ ദിശയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ എതിർദിശയിൽ നിന്നുവന്ന മറ്റൊരു കാറും ഇടിച്ചു. ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും തലയിൽ നിന്ന് രക്തം വാർന്ന് റോഡിലാകെ പടർന്നു. അപകടമുണ്ടാക്കിയ വാഹനത്തിലുള്ളവരോ മറ്റ് വഴിയാത്രക്കാരോ രക്ഷാപ്രവർത്തനത്തിന് മുതിർന്നില്ല.
പിന്നീട് സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ഏതാനും യാത്രക്കാരും ചേർന്ന് ആംബുലൻസ് വിവരമറിയിക്കുകയായിരുന്നു. ആംബുലൻസും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് ഫർസീനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 11.10-ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ ജീവൻ നഷ്ടമായി.
മെഡിക്കൽ കോളേജിന് അടുത്തുള്ള ട്രിപ്പിൾ ഇ കോളേജിലെ ഒന്നാം വർഷ സി.എ. വിദ്യാർഥിയാണ് ഫർസീൻ. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ നിന്ന് പല്ലിന് ക്ലിപ്പിട്ട ശേഷം, കാപ്പാടുള്ള തറവാട്ടിൽ പോയി വല്യുമ്മയെ കണ്ട് കോളേജിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
നിലവിൽ ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലാണ് ഫർസീന്റെ കുടുംബം പാർക്കുന്നത്. റംസീനയാണ് മാതാവ്. മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് ളുഹർ നമസ്കാരത്തിന് ശേഷം ചെങ്ങോട്ടുകാവ് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരവും, തുടർന്ന് മാടാക്കര ജുമാ മസ്ജിദിൽ ഖബറടക്കവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

