കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സപ്പിഴവ്: ആരോപണത്തിൽ തെളിവില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ
text_fieldsപത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സപ്പിഴവ് ആരോപണത്തിൽ തെളിവില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട്. ചികിത്സക്കിടെ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ല ആശുപത്രിയിലാണെന്നതിന് തെളിവില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ചികിത്സപ്പിഴവ് സംഭവിച്ചെന്ന് പറയുന്ന ദിവസങ്ങളിൽ രോഗിയായ വത്സലക്ക് ഇടുപ്പിന്റെ ഭാഗത്ത് ഇൻജക്ഷൻ എടുത്തിട്ടില്ലെന്നാണ് ആശുപത്രിയിൽനിന്ന് കണ്ടെത്തിയ വിവരം. അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. പകുതി സൂചിയുമായാണ് വത്സലയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. സംഭവത്തിൽ പരാതി നൽകിയിട്ടും ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്നും ആരോപണമുണ്ട്.
ചികിത്സപ്പിഴവ് ആരോപണത്തിൽ മന്ത്രി കെ. മുരളീധരൻ ജില്ല മെഡിക്കല് ഓഫിസറോട് റിപ്പോർട്ട് തേടിയിരുന്നു. കുത്തിവെപ്പിനിടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നും രണ്ടര വർഷത്തോളം ഇതുമായി കഴിയുന്നതായുമാണ് പരാതി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ തന്നെയാണ് ചികിത്സ തേടിയതെന്നും ഛർദിക്ക് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയിലെ ശീട്ട് കൈവശമില്ലെന്നാണ് വത്സല പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണെന്ന് ജില്ല ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ബാക്കി ഭാഗം എടുക്കാൻ സി.ടി സ്കാൻ നിർദേശിച്ചിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

