മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി
text_fieldsകോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറിയെന്ന് മന്ത്രി വി.എൻ. വാസവൻ. മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം എന്നിവരാണ് തുക നൽകിയത്. അതിനായി വകുപ്പ് മുൻകൈയെടുത്തുവെന്നും വി.എൻ. വാസവൻ പറഞ്ഞു.
ദാരുണമായ സംഭവമാണ് ക്ഷേത്രത്തിൽ നടന്നതെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കുന്നതോടൊപ്പം ഗുരുതരമായി പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി പാലിക്കണം. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായും ജനപ്രതിനിധികളുമായും മന്ത്രി സംസാരിച്ചു.
മരിച്ച വടക്കയിൽ രാജന്റെ സഹോദരൻ വടക്കയിൽ ദാസന് ക്ഷേത്ര പരിസരത്ത് മന്ത്രി ധനസഹായം കൈമാറി. മരിച്ച കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ എന്നിവരുടെ ആശ്രിതർക്കുള്ള ധനസഹായം അവരുടെ വീടുകളിലെത്തി മന്ത്രി ബന്ധുക്കൾക്ക് നൽകി. ഗുരുവായൂർ ദേവസ്വം മൂന്നുലക്ഷം, മലബാർ ദേവസ്വം രണ്ട് ലക്ഷം എന്നിങ്ങനെ അഞ്ചുലക്ഷം രൂപക്കുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്.
മന്ത്രിക്കൊപ്പം കാനത്തിൽ ജമീല എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർപേഴ്സൻ അഡ്വ. കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു, കൗൺസിലർ പ്രഭ, ഗുരുവായൂർ, മലബാർ ദേവസ്വം പ്രതിനിധികൾ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

