ക്ഷേത്രോത്സവങ്ങൾക്ക് ആനകളെ ബുക്ക് ചെയ്യാൻ നടപടിക്രമമെന്ത്? ഗുരുവായൂർ ദേവസ്വത്തോട് ഹൈകോടതി
text_fieldsകൊച്ചി: കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിനെതിരേ വിമർശനവുമായി ഹൈക്കോടതി.
ആനകളെ ദൂരെയുള്ള ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ബുക്ക് ചെയ്യാൻ ഗുരുവായൂർ ദേവസ്വം ബോർഡ് സ്വീകരിച്ച നടപടിക്രമങ്ങളെന്തൊക്കെയെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ദേവസ്വം ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ആലപ്പുഴ, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ആനകളെ നിരന്തരം കൊണ്ടുപോയതിന്റെ രേഖകൾ പരിശോധിച്ച കോടതി, ദേവസ്വത്തിന് വരുമാനത്തിനാണോ ഈ നടപടിയെന്നും ആരാഞ്ഞു. പുന്നത്തൂർ ആനക്കോട്ടയുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ആനകളുടെ പരിപാലനവും എഴുന്നള്ളിപ്പും സംബന്ധിച്ച് ഇടഞ്ഞ ആനകളുടെ ഉടമസ്ഥരെന്ന നിലയിൽ ഗുരുവായൂര്‍ ദേവസ്വത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി.
പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തിയെന്നും ഇത്രയും ദൂരം എന്തിനാണ് വിശ്രമമില്ലാതെ ആനയെ കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ ഒന്നര മാസമായി ആനകളെ വിവിധ ജില്ലകളിലായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ചട്ടപ്രകാരം നൂറ് കിലോമീറ്ററിൽ കൂടുതൽ ആനകളെ യാത്ര ചെയ്യിപ്പിക്കാൻ പാടില്ല. എന്നാൽ നൂറ്റിയമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആനയെ കൊയിലാണ്ടിയിലെത്തിച്ചത്.
നീണ്ട നേരത്തെ വെടിക്കെട്ടിന് ശേഷമാണ് ആന വിരണ്ടോടുന്നത്. എന്തിനാണ് ആനകളുടെ ഇത്രയും അടുത്ത് വെച്ച് പടക്കം പൊട്ടിച്ചതെന്നും അതിനുള്ള അനുമതി നൽകിയതെന്നും കോടതി ചോദിച്ചു.
ഗുരുവായൂരിൽനിന്ന് കൊണ്ടുപോയ പീതാംബരൻ, ഗോകുൽ എന്നീ ആനകൾ ഇടഞ്ഞോടിയതിനെത്തുടർന്ന് കൊയിലാണ്ടി ക്ഷേത്രോത്സവത്തിനെത്തിയ മൂന്നുപേർ ഫെബ്രുവരി 13ന് മരിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകാൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും വെറ്ററിനറി സർജനും തിങ്കളാഴ്ച രേഖകളുമായി നേരിട്ട് ഹാജരായിരുന്നു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഇടഞ്ഞ ആനകൾ ഒന്നരമാസമായി നിരന്തര യാത്രയിലായിരുന്നുവെന്ന് രേഖകൾ പരിശോധിച്ച കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

