Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവളം പീഡനക്കേസ്; പ്രതിയെ പിരിച്ചുവിടാൻ ശിപാർശ ചെയ്യും, കൈക്കൂലിയിലും വ്യാജ ഒപ്പിലും തിരുവനന്തപുരം നഗരസഭയിൽ ബഹളം

text_fields
bookmark_border
കോവളം പീഡനക്കേസ്; പ്രതിയെ പിരിച്ചുവിടാൻ ശിപാർശ ചെയ്യും, കൈക്കൂലിയിലും വ്യാജ ഒപ്പിലും തിരുവനന്തപുരം നഗരസഭയിൽ ബഹളം
cancel

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവിസിൽനിന്ന് പിരിച്ചുവീടാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. വിഷയത്തിൽ നഗരസഭ സർക്കാറിന് ഔദ്യോഗികമായി കത്തു നൽകും. അതിനിടെ, കൗൺസിലർ അജിൻ രാജി വെക്കണമെന്ന ആവശ്യവുമായും കൈക്കൂലി ആരോപണങ്ങൾ ഉന്നയിച്ചും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തിയതോടെ കൗൺസിൽ ഹാളിൽ ബഹളവും തർക്കവും ഉണ്ടായി. തൃക്കണ്ണാപുരം കൗൺസിലർ അജിനെ കൗൺസിൽ ഹാളിൽനിന്ന് പുറത്താക്കണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി.

എല്ലാ കൗൺസിലർമാർക്കും നാണക്കേടുണ്ടാക്കിയ വിഷയമാണിതെന്നും അജിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും പാപ്പനംകോട് സജി ആരോപിച്ചു. അജിൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ടെന്നും ഇയാളെ സഭക്കുള്ളിലിരുത്തി മുന്നോട്ടുപോകുന്നത് അനുയോജ്യമല്ലെന്നും പാപ്പനംകോട് സജി പറഞ്ഞു. അജിനെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. സംഭവം നഗരസഭക്ക് ഉണ്ടാക്കിയത് വലിയ നാണക്കേടാണെന്ന് വാഴോട്ട്കോണം കൗൺസിലർ കെ.എസ്. ശബരിനാഥനും സുഗതനും പറഞ്ഞു. വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ മുഖം പ്രദർശിപ്പിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് വാഴോട്ട്കോണം കൗൺസിലർ സുഗതൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെ സമാനമായി ചിത്രങ്ങൾ അടക്കം പ്രചരിപ്പിച്ച് ആരോപണം ഉന്നയിച്ച സമയത്ത് കുടുംബത്തിന് വലിയ വേദനയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സുഗതന്റെ ഒപ്പ് വ്യാജമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആവർത്തിച്ചു. സുഗതൻ ജയിലിൽ പോകുന്നതിന് മുമ്പ് കൗൺസിൽ സ്ഥാനം നഷ്ടപ്പെടേണ്ടതായിരുന്നുവെന്നും തുടർച്ചയായി എട്ടു മാസം അദ്ദേഹം യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഇതിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും ദീപക് വ്യക്തമാക്കി. അജിനെതിരായ ആരോപണത്തിലെ വിഡിയോ ദൃശ്യങ്ങൾ ആധികാരികമല്ലെന്നും വിജിലൻസ് പരിശോധിക്കട്ടെയെന്നും എസ്.പി. ദീപക് പറഞ്ഞു. വീട് കയറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ, അജിന്റെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും സുഗതനെതിരായ ആരോപണങ്ങളിലും കോടതി പറയട്ടെയെന്നും മേയർ നിലപാടെടുത്തു. ദീപക് ജഡ്ജി അല്ലല്ലോയെന്നും കൂടുതൽ തെളിവുകളുണ്ടെങ്കിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.

ചർച്ചകൾക്കിടെ എൽ.ഡി.എഫ് നേതാവ് എസ്.പി. ദീപക്കിനെ ബി.ജെ.പി കൗൺസിലർ 'ദീപക് മുതലാളി' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി എൽ.ഡി.എഫ് ആരോപിച്ചു. ബി.ജെ.പി കൗൺസിലർ അജിനെക്കൊണ്ട് എന്തുകൊണ്ട് രാജിവെപ്പിക്കുന്നില്ലെന്നും ഇടതുപക്ഷത്തിന് ഇനി തിരിച്ചുവരാൻ സാധ്യതയില്ലെന്നും പരിഹസിച്ചു. ഇതോടെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി ഡയസിനു മുന്നിലേക്കെത്തി. ബി.ജെ.പി കൗൺസിലർമാരും അജിനും തമ്മിൽ തർക്കവുമുണ്ടായി. തുടർന്ന് പ്രതിഷേധ സൂചകമായി സി.പി.എം കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kovalam Rape Case: Dismissal Recommended; Bribery Row Rocks Corporation Council
Next Story