ചെണ്ടമേള വിദ്വാൻ കൊട്ടിയം കമറുദ്ദീൻ നിര്യാതനായി
text_fieldsകൊട്ടിയം: മേളങ്ങളില്ലാത്ത ലോകത്തേക്ക് കമറുദ്ദീൻ യാത്രയായി. ഏഴ് പതിറ്റാണ്ട് കാലം ചെണ്ടമേള രംഗത്ത് തിളങ്ങിനിന്ന കൊട്ടിയം കമറുദ്ദീനെന്ന എൺപത്തിരണ്ടുകാരനായ മേള വിദഗ്ദനാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. പന്ത്രണ്ടാം വയസിൽ പിതാവും ചെണ്ടമേളക്കാരനുമായിരുന്ന പൊടികുഞ്ഞ് ആശാനൊടൊപ്പം പേരയം ശ്രീഭൂതനാഥ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിന് ശേഷം ഇദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് കശുവണ്ടി വികസന കോർപറേഷനിൽ ടിങ്കറായി ജോലി ലഭിച്ചിട്ടും മേളം ഉപേക്ഷിക്കുവാൻ ഇദ്ദേഹം തയ്യാറായില്ല. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേളം നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ദുബായിലും ഷാർജയിലും മേളം നടത്താൻ അവസരം ലഭിച്ചു.
ആയിരക്കണക്കിന് ശിഷ്യൻമാരാണ് ഈ രംഗത്ത് അദ്ദേഹത്തിനുള്ളത്. ശിങ്കാരിമേളത്തിലും തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര കലാരത്നം, റോട്ടറി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു. കളികൊട്ട് എന്ന പേരിൽ ഉൽസവമേളവും യൂനിഫോം ധരിച്ചുകൊണ്ട് ചെണ്ടമേളം എന്ന ആശയം പ്രാവർത്തികമാക്കിയതും ഇദ്ദേഹമായിരുന്നു. തഴുത്തല ക്ഷേത്രത്തിലെ മണ്ഡല ചിറപ്പിനാണ് അവസാനമായി കൊട്ടിക്കയറിയത്.
തന്‍റെ കാലശേഷവും മേളവും മേളകുടുംബവും മേളത്തിൽ അഞ്ചാംതലമുറയായി നിലനിൽക്കണമെന്ന ആഗ്രഹത്തോടെ തന്‍റെ മക്കളായ ഷഹാലിനെയും നവാസിനെയും ഈ രംഗത്തേക്ക് മേളക്കാരായി കൊണ്ടുവന്ന ശേഷമാണ് തെക്കൻ കേരളത്തിലെ പേരുകേട്ട ഈ ചെണ്ടമേളക്കാരൻ യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

