ഭാഷകളുടെയും ലിപികളുടെയും പരിണാമം രേഖപ്പെടുത്തിയ കോട്ടയത്തെ ‘അക്ഷരം’ മ്യൂസിയത്തിന് 14 കോടിയുടെ വികസനം
text_fieldsഅക്ഷരം മ്യൂസിയം, കോട്ടയം
തിരുവനന്തപുരം: സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ കോട്ടയം നാട്ടകത്തെ ‘അക്ഷരം’ മ്യൂസിയത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്ക് ഭരണാനുമതിയായി. 14 കോടി 98 ലക്ഷം രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
ഒന്നാംഘട്ടം പൂർത്തിയായ അക്ഷരം മ്യൂസിയത്തിന്റെ വരും ഘട്ടങ്ങളും 25,000 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും ഭാഷകളുടെയും ലിപികളുടെയും പരിണാമ ചരിത്രം, മലയാള കവിത സാഹിത്യ ചരിത്രം, ഗദ്യ സാഹിത്യ ചരിത്രം, വൈജ്ഞാനിക സാഹിത്യം എന്നിവ അടങ്ങുന്ന വിപുലമായ ഗ്യാലറികളാണ് അടുത്തഘട്ടത്തിൽ.
മ്യൂസിയത്തിൽ പ്രദർശന ഗാലറികളോടൊപ്പം തന്നെ ആക്ടിവിറ്റി കോർണറുകൾ, ഡിജിറ്റൈസേഷൻ ലാബ്, ഓഡിയോ-വിഡീയോ സ്റ്റുഡിയോ, ചിൽഡ്രൻസ് പാർക്ക്, വിപുലമായ പുരാരേഖാ-പുരാവസ്തു ശേഖരങ്ങൾ, കൺസർവേഷൻ യൂനിറ്റ്, പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്സ്, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവഉൾപ്പെടുത്തിയിട്ടുണ്ട്.
എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിങ്, കൺസർവേഷൻ, പ്രിന്റിങ് ടെക്നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠന-പരിശീലന പരിപാടികളും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു.
കൂടാതെ ലോക ഭാഷ ലിപികൾ, മലയാള കാവ്യപാരമ്പ്യം, മലയാള ഗദ്യസാഹിത്യം, വൈജ്ഞാനിക സഹിത്യം, ലൈബ്രറി, സംവേദാത്മകമായ ക്ലാസ് മുറികൾ എന്നിവയും ഈ ഘട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

