ഹൃദയം തകർന്ന് അമ്മ; നിധിനമോൾക്ക് നാടിന്‍റെ അന്ത്യാഞ്ജലി
text_fieldsതലയോലപ്പറമ്പ് (കോട്ടയം): പ്രണയപ്പകയുടെ ഇരയായി ക്രൂരമായി കൊല്ലപ്പെട്ട നിധിനമോൾ(22)ക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അമ്മ ബിന്ദുവിന്‍റെ വിലാപം കണ്ടുനിന്നവരെ നൊമ്പരപ്പെടുത്തി. ദേവുമോൾ എന്ന് പ്രിയപ്പെട്ടവർ സ്നേഹത്തോടെ വിളിച്ചിരുന്ന നിധിന ഇനി കൂടെയില്ല എന്ന ഞെട്ടലിലാണ് സഹപാഠികളും ബന്ധുക്കളും.
ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തലയോലപ്പറമ്പിലെ കുരുന്തറ ഭാഗത്തുള്ള വീട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിച്ചത്. സഹപാഠികളും സമീപവാസികളുമുൾപ്പെടെ നിരവധി പേർ അവസാനമായി നിധിനമോളെ കാണാൻ ഇവിടെയെത്തി.
തുടർന്ന് അമ്മവീടായ ഉദയനാപുരം തുറുവേലിക്കുന്നിലുള്ള ദ്രുവപുരം ക്ഷേത്രത്തിനു സമീപത്തുള്ള കുന്നേപ്പടി വീട്ടുവളപ്പിൽ എത്തിച്ചു. ഹൃദയ ഭേദകമായിരുന്നു അവിടത്തെ കാഴ്ച. വിലാപങ്ങളും അലമുറയിട്ട കരച്ചിലും ഉയർന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ കൊണ്ട് അവശയായ അമ്മ അവസാനമായി പൊന്നുമോളുടെ ചലനമറ്റ ശരീരം കാണാനെത്തിയ രംഗം ഏവരെയും കണ്ണീരണിയിച്ചു.
ദുരന്തം നടക്കുന്നതിന് തലേ ദിവസം കോളജിലെ ഫീസ് അടക്കുന്നതിനെ കുറിച്ചുള്ള ആകുലത നിധിനയും അമ്മയും പങ്ക് െവച്ചിരുന്നു.
തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ മോൻസ് ജോസഫ്, സി.കെ ആശ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറിയേറ് അംഗം ജെയ്ക് സി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങങ്ങളായ, പി.കെ. ഹരികുമാർ, കെ.എം. രാധാകൃഷ്ണൻ, കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അക്കരപ്പാടം ശശി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.എൻ. രമേശൻ, മുൻ എം.എൽ.എ കെ. അജിത്, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, സെൻറ് തോമസ് കോളജ് പ്രിൻസിപ്പാൾ ജെയിംസ് മംഗലത്തിൽ, വൈസ് പ്രിൻസിപ്പൽ സണ്ണി കുര്യാക്കോസ്, മാത്യു ആലപ്പാട്ട് മേടയിൽ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതിക സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എസ് പുഷ്പമണി, ഹൈമി ബോബി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ രഞ്ജിത്ത്, മഹിള മോർച്ച അഖിലേന്ത്യാ അധ്യക്ഷ പത്മജ എസ്. മേനോൻ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ, വൈസ് പ്രസിഡന്‍റ് പി.ജി ബിജു കുമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തികൾ നിധിനയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.