ആശുപത്രി തന്നെ വീട്, മേരിപ്രഭക്ക് സങ്കടമില്ല
text_fieldsകോട്ടയം: മാർച്ച് ഒമ്പതിന് വീട്ടിൽനിന്നിറങ്ങിയതാണ് കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്്സ് മേരിപ്രഭ കവൂർ. ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകുമായിരുന്നു. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയായി രണ്ടാമത്തെ ക്വാറൻറീനിലാണിപ്പോൾ. ‘‘വിഷമമില്ല. ജോലിയുടെ ഭാഗമല്ലേ ഇതൊക്കെ. നാട് മഹാമാരിയെ നേരിടുേമ്പാൾ ആരോഗ്യവകുപ്പിനൊപ്പം അതിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’’- മേരിപ്രഭയുെട വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.
കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികളായ വയോദമ്പതികളായ തോമസിനെയും മറിയാമ്മയെയും ഐ.സി.യുവിൽ ശുശ്രൂഷിച്ച നഴ്സുമാരിലൊരാളാണ് മേരിപ്രഭ. തോമസും മറിയാമ്മയുമായി നല്ല അടുപ്പത്തിലായിരുന്നു നഴ്സുമാരെല്ലാവരും. അടുത്തുനിന്ന് പരിചരിക്കേണ്ടിവന്നു. ഭക്ഷണം കഴിപ്പിക്കണം, ശരീരം വൃത്തിയാക്കണം, ഒരു മണിക്കൂർ കൂടുേമ്പാൾ ബി.പി ചെക്ക് ചെയ്യണം, ഫ്ലൂയിഡ് നൽകണം. ഇടക്കിടെ ആരോഗ്യനില ഗുരുതരമാകുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. രോഗം മാറിയെന്ന് അറിഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി.
നാലുമണിക്കൂറാണ് െഎ.സി.യുവിൽ ഒരാൾക്ക് ഡ്യൂട്ടി. വ്യക്തി സുരക്ഷാവസ്ത്രം ധരിച്ചു കയറുന്നതിെൻറ ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശുചിമുറിയിൽ പോകാൻപോലും പറ്റില്ല. കിറ്റ് ധരിക്കാനും ഉൗരാനും വ്യത്യസ്ത മുറികളുണ്ട്. കിറ്റ് ഉൗരിക്കഴിഞ്ഞ് നേരെപോയി കുളിക്കണം. വസ്ത്രം ബ്ലീച്ചിങ് ലായനിയിൽ മുക്കിവെച്ച് കഴുകിയിട്ട ശേഷമാകും ഡ്യൂട്ടി തുടരുക. 14 ദിവസമാണ് ഐ.സി.യുവിൽ ജോലി ഉണ്ടായിരുന്നത്. ജോലിക്കിടെ നഴ്സ് രേഷ്മക്ക് രോഗം ബാധിച്ചതോടെ 24 മുതൽ ക്വാറൻറീനിൽ പോയി. 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി നാലുദിവസം വീണ്ടും ജോലിക്ക് കയറിയപ്പോഴാണ് കാസർകോട്ടേക്ക് മെഡിക്കൽ സംഘം പോകുന്നതായി അറിഞ്ഞത്.
താൽപര്യം അറിയിച്ചതോടെ നേരെ അങ്ങോട്ട് വിട്ടു. അവിടെ ഗുരുതരാവസ്ഥയിലുള്ള രോഗികളില്ലായിരുന്നതുകൊണ്ട് അത്ര ആശങ്ക ഇല്ലായിരുന്നു. തിരിച്ചെത്തി മറ്റുള്ളവർക്കൊപ്പം ക്വാറൻറീനിലാണ്. ബുധനാഴ്ച സാമ്പിൾ പരിശോധനയുണ്ട്. നെഗറ്റിവ് ആയാൽ വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലാണ് മേരിപ്രഭ. നാലുവർഷം മുമ്പാണ് ജോലിക്ക് കയറിയത്. മേലുകാവുമറ്റം കവൂർ വീട്ടിൽ ചാക്കോയും മേരിയുമാണ് മാതാപിതാക്കൾ. ജയ്മോൾ പ്രഭയും ജോസഫ് കെ. മാത്യുവുമാണ് സഹോദരങ്ങൾ. ജയ്മോൾ പ്രഭ തൊടുപുഴ മുട്ടത്ത് അഭിഭാഷകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
