കോട്ടയം മെഡിക്കൽ കോളജ് ദുരന്തം: വിശദീകരിച്ച് വിയർത്ത് അധികൃതർ
text_fieldsകോട്ടയം: വീട്ടമ്മയുടെ ജീവനെടുത്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിട ദുരന്തത്തിൽ പാളിച്ചയില്ലെന്ന് വിശദീകരിക്കാൻ പാടുപെട്ട് അധികൃതർ. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവർത്തനം വൈകിച്ചതും ബിന്ദുവിന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചതും. മന്ത്രിമാർക്കെതിരെ വിമർശനവും പ്രതിഷേധവും ശക്തമായതോടെയാണ് പാളിച്ചയുണ്ടായില്ലെന്ന ന്യായീകരണവുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയത്.
രക്ഷാപ്രവർത്തനം പെട്ടെന്ന് തന്നെ ആരംഭിച്ചെന്ന് മന്ത്രിമാർ ഇപ്പോൾ അവകാശപ്പെടുമ്പോഴും രാവിലെ 10.45 ന് ദുരന്തമുണ്ടായിട്ട് 12 മണിയോടെയാണ് തെരച്ചിൽ ആരംഭിച്ചതെന്നതാണ് വസ്തുത. ബലക്ഷയമുണ്ടെന്ന് 12 വർഷം മുമ്പ് പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ ഇത്രയും കാലം രോഗികളെ എങ്ങനെ പാർപ്പിച്ചെന്ന കാര്യത്തിൽ അധികൃതർക്ക് വിശദീകരണവുമില്ല.
അടച്ചിട്ട കെട്ടിടമായിരുന്നു ഇതെന്ന് ആവർത്തിച്ച മന്ത്രിമാർക്ക് അവിടെയെങ്ങനെ രോഗികളും കൂട്ടിരിപ്പുകാരും കുളിക്കാനെത്തിയെന്ന് വിശദീകരിക്കാനും കഴിയുന്നില്ല. കഴിഞ്ഞദിവസം മെഡിക്കൽകോളജിലുണ്ടായിരുന്ന മന്ത്രിമാർ മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കണ്ട് സമാശ്വസിപ്പിക്കാൻ തയാറായില്ലെന്ന ആക്ഷേപവുമുണ്ട്. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നാണ് ഇപ്പോൾ മന്ത്രി വി.എൻ വാസവന്റെ വാഗ്ദാനം. കഴിഞ്ഞദിവസം മൂന്നു തവണ അവരുടെ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാത്തതെന്നും മന്ത്രി വിശദീകരിക്കുന്നു. എന്നാൽ തന്നെ ആരും വിളിച്ചിട്ടില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറയുന്നു.
തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറുന്ന പ്രക്രിയ നടക്കുകയായിരുന്നെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസിന്റെ വിശദീകരണം. എന്നാൽ എന്തുകൊണ്ട് ഇതിന് കാലതാമസം വന്നെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. താൻ പറഞ്ഞ കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ കഴിഞ്ഞദിവസം ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാൽ കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹവും ആവർത്തിച്ചു.
കെട്ടിടം അടച്ചിട്ടിരിക്കുകയാണെന്ന് രോഗികളെ അറിയിക്കാൻ ബോർഡുകൾ വല്ലതും വച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടിയില്ല. ഈ വിശദീകരണത്തിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ പാർട്ടികളും ബിന്ദുവിന്റെ ബന്ധുക്കളും ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

