കോട്ടയം മെഡിക്കൽ കോളജ് ദുരന്തം: നടക്കുന്നത് പുരകത്തുമ്പോൾ വാഴവെട്ടുന്ന സമീപനം; തെരച്ചിൽ നിർത്താൻ പറഞ്ഞിട്ടില്ല -വി.എൻ വാസവൻ
text_fieldsകോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി.എൻ വാസവൻ. പുരകത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സംഭവത്തിൽ രാഷ്ട്രീയപ്രേരിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വി.എൻ വാസവൻ പറഞ്ഞു.
മെഡിക്കൽ കോളജിൽ ദുരന്തമുണ്ടായതിന് പിന്നാലെ തന്നെ താനും ആരോഗ്യമന്ത്രിയും സംഭവസ്ഥലത്ത് എത്തിയിരുന്നു. സൂപ്രണ്ട് അറിയിച്ചതിനനുസരിച്ചാണ് ദുരന്തത്തിൽ മറ്റാരും കുടുങ്ങിയിട്ടില്ലെന്ന് പറഞ്ഞത്. എന്നിട്ടും തിരച്ചിൽ തുടരാനാണ് നിർദേശിച്ചത്. തിരച്ചിൽ നിർത്തിവെക്കാൻ പറഞ്ഞിട്ടില്ല.
ദുരന്തമുണ്ടായ സ്ഥലത്തേക്ക് ഹിറ്റാച്ചി കൊണ്ടു വരാൻ ബുദ്ധമുട്ടുണ്ടായി. റാമ്പ് ഉൾപ്പടെ നിർമിച്ചാണ് ഇവിടേക്ക് ഹിറ്റാച്ചി എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തകർന്നു വീണ കെട്ടിടം ദുർബലാവസ്ഥയിലാണെന്ന് 2013ൽ തന്നെ റിപ്പോർട്ട് വന്നിരുന്നു.
ഈ റിപ്പോർട്ടിൻമേൽ യു.ഡി.എഫ് ഒരു നടപടിയും എടുത്തില്ല. തുടർന്ന് എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് ശേഷം കിഫ്ബി വഴി പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തി കെട്ടിട നിർമാണം നടത്തിയെന്നും വി.എൻ വാസവൻ പറഞ്ഞു. ബിന്ദുവിന്റെ മരണത്തിൽ കഴിഞ്ഞ ദിവസം തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകളുടെ ചികിത്സാർഥമാണ് ബിന്ദു ദിവസങ്ങൾക്കുമുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. മകൾ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാൽ, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

