കോട്ടയം മെഡി.കോളജ് ആശുപത്രി ഭിത്തിയിലെ ടൈൽ അടർന്നുവീണ് കൂട്ടിരിപ്പുകാരന് പരിക്ക്
text_fieldsകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഭിത്തിയിൽ
നിന്ന് ടൈൽ അടർന്നുവീണ നിലയിൽ
ഗാന്ധിനഗർ (കോട്ടയം): ആശുപത്രി ഭിത്തിയിൽ ഒട്ടിച്ചിരുന്ന ടൈൽ അടർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരന് പരിക്കേറ്റു. മല്ലപ്പള്ളി സ്വദേശി ഷിജുവിനാണ് (32) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
കോട്ടയം മെഡിക്കൽ കോളജിലെ തൊറാസിക് സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ് തുടർ ചികിത്സയിലാണ് ഇയാളുടെ പിതാവ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് തറയിൽ പായവിരിച്ച് കിടക്കുകയായിരുന്നു ഇയാൾ. ഈ സമയത്താണ് ടൈൽ അടർന്ന് ഇയാളുടെ തലയിൽ പതിച്ചത്.
ഇതേ തുടർന്ന് തലക്കും മുഖത്തും പരിക്കേറ്റു. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ ചികിത്സനൽകി നിരീക്ഷണത്തിലാക്കി. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയിൽ മരാമത്ത് പണി നടത്തുന്നത്.

