‘ബിന്ദുവിന്‍റെ ജീവൻ നഷ്ടപ്പെട്ട സ്ഥലത്ത് മകന് ജോലി വേണ്ട; മെഡിക്കൽ കോളജിൽ ജോലി ചെയ്യാൻ മാനസിക ബുദ്ധിമുട്ടുണ്ട്’ -മന്ത്രി വീണ ജോർജിനോട് ബിന്ദുവിന്റെ ഭർത്താവ്
text_fieldsകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്‍റെ മൃതദേഹത്തിന് മുന്നിൽ വിതുമ്പുന്ന മാതാവ് സീതാലക്ഷ്മിയും മക്കളായ നവനീതും നവമിയും (ഫയൽ ചിത്രം)
തലയോലപ്പറമ്പ് (കോട്ടയം): കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ മകൻ നവനീതിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത താൽക്കാലിക ജോലി വേണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. മകന്‍റെ പഠിപ്പിനനുസരിച്ച് ജോലി കിട്ടിയാൽ നന്നായിരിക്കുമെന്നും വീട് സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
‘ബിന്ദുവിന്‍റെ ജീവൻ നഷ്ടപ്പെട്ട ഇടമായതിനാൽ ഇവിടെ ജോലിചെയ്യുന്നതിന് മകന് മാനസിക ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ആ ജോലി വേണ്ടെന്നു തീരുമാനിച്ചത്. ഇനി കുടുംബത്തിന്‍റെ ഏക ആശ്രയം മകനാണ്. അവന് സ്ഥിരംജോലി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’ -വിശ്രുതൻ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി മാതാവ് സീതാലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന മന്ത്രി വീണ ജോർജ്
തൊടുപുഴ അൽ അസ്ഹർ കോളജിൽനിന്ന് സിവിൽ എൻജിനീയറിങ് കഴിഞ്ഞ നവനീത്, കഴിഞ്ഞമാസമാണ് എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലിക്കുകയറിയത്. ബിന്ദു ജോലി ചെയ്തിരുന്ന തലയോലപ്പറമ്പിലെ വസ്ത്രശാലയുടെ ഉടമ ആനന്ദാക്ഷൻ ഒരു ലക്ഷം രൂപ സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ബിന്ദുവിന്‍റെ അമ്മക്ക് മാസം 5000 രൂപ വീതം ആജീവനാന്തം നൽകും.
അതിനിടെ, പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം ഭയന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പൊലീസ് സുരക്ഷയില്ലാതെയാണ് ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. രാവിലെ ഏഴിനെത്തിയ ഇവർ 20 മിനിറ്റ് വീട്ടുകാർക്കൊപ്പം ചെലവഴിച്ചു. മന്ത്രി ശനിയാഴ്ച ഫോണിൽ വിളിച്ച് താൻ വീട്ടിൽ വരുമെന്ന് ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതനെ അറിയിച്ചിരുന്നെങ്കിലും ദിവസവും സമയവും പറഞ്ഞിരുന്നില്ല.
ഞായറാഴ്ച രാവിലെ പത്തനംതിട്ടയിൽനിന്ന് പൊലീസ് സുരക്ഷയില്ലാതെ ഔദ്യോഗിക വാഹനത്തിൽ തലയോലപ്പറമ്പിലെ സുഹൃത്തിന്‍റെ വീട്ടിലെത്തി. തുടർന്ന് തലയോലപ്പറമ്പ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും അറിയിച്ചെങ്കിലും പൊലീസ് വാഹനം വരുന്നതിനുമുമ്പ് സുഹൃത്തിന്‍റെ വാഹനത്തിൽ ബിന്ദുവിന്‍റെ വീട്ടിലേക്കു വരികയായിരുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ അടക്കം പാർട്ടി നേതാക്കളാണ് ഒപ്പമുണ്ടായിരുന്നത്. ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി, ഭര്‍ത്താവ് വിശ്രുതന്‍, മക്കളായ നവനീത്, നവമി എന്നിവരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച മന്ത്രി, സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി. മന്ത്രിസഭയോഗശേഷം മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തലയോലപ്പറമ്പ് പൊലീസിന്‍റെ സുരക്ഷയിലായിരുന്നു മടക്കം. മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തോടൊപ്പം നിന്നതായും വിശ്രുതൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

