ശശി തരൂരിനെതിരെ അച്ചടക്കസമിതിക്ക് പരാതി നൽകുമെന്ന് കോട്ടയം ഡി.സി.സി അധ്യക്ഷൻ
text_fieldsകോട്ടയം: കോട്ടയം ജില്ലയിലെ പര്യടന വിവരം അറിയിക്കാത്ത ശശി തരൂർ എം.പിക്കെതിരെ പരാതി നൽകുമെന്ന് ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷ്. കോൺഗ്രസ് അച്ചടക്കസമിതി, എ.ഐ.സി.സി, കെ.പി.സി.സി നേതൃത്വങ്ങൾക്കാണ് പരാതി നൽകുക. പാർട്ടി കീഴ്വഴക്കം ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെയും കെ.പി.സി.സി അച്ചടക്ക സമിതിയുടെയും നിർദേശം തരൂർ ലംഘിച്ചു. പരിചയക്കുറവിന്‍റെ പ്രശ്നം തരൂരിനുണ്ടെന്ന് കരുതുന്നുവെന്നും നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോടിന് പിന്നാലെയാണ് ശശി തരൂരിന്‍റെ കോട്ടയം സന്ദർശനവും വിവാദത്തിലായത്. നേതൃത്വത്തെ അറിയിക്കാത്തതിൽ പ്രതിഷേധിച്ച് തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശന വിവരം അറിയിക്കാത്ത സംഭവം ഡി.സി.സി നേതൃത്വം കെ.പി.സി.സിയെ ഔദ്യോഗികമായി അറിയിച്ചു.
കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തരൂർ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.