കോട്ടയത്ത് കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി.ഐയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർഥി
text_fieldsകോട്ടയം: കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി.ഐയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർഥി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ലൈസാമ്മ ജോർജാണ് കോട്ടയം ജില്ല പഞ്ചായത്തിൽ വാകത്താനത്തുനിന്ന് സി.പി.ഐ പ്രതിനിധിയായി മത്സരിക്കുന്നത്. വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡൻറും മടപ്പള്ളി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു ലൈസാമ്മ .
2000 മുതല്‍ 2005 വരെയും 2010 മുതല്‍ 2013 വരെ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇവർ 2005 മുതല്‍ 2010വരെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. 2015 മുതല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ഇതിനിടെ ഒന്നരവർഷം പ്രസിഡൻറുമായി.
കോൺഗ്രസിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ചതിനുപിന്നാലെ ഇവരെ സി.പി.ഐ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രവർത്തകരോട് നീതികാട്ടാത്ത നേതൃത്വത്തിെൻറ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ലൈസാമ്മ ജോർജ് പറഞ്ഞു.
പ്രവർത്തിക്കുന്നവർക്ക് അർഹമായ പരിഗണന നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ജില്ല പഞ്ചായത്ത് വാകത്താനം ഡിവിഷനായി ലൈസാമ്മ ജോർജ് ശ്രമിച്ചെങ്കിലും ജില്ല കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.
ഒരാളെ തന്നെ ഒന്നിലധികം തവണ ജില്ല പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വം, പുതുമുഖങ്ങളുടെ അവസരം തട്ടിയെടുക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. കോൺഗ്രസിലെ സുധ കുര്യനാണ് വാകത്താനത്തെ യു.ഡി.എഫ് സ്ഥാനാർഥി.