കോട്ടയം നഗരത്തിൽ സ്ത്രീകൾക്ക് രാത്രിയാത്രക്ക് കൂട്ടായി സഹയാത്രിക
text_fieldsജില്ല പൊലീസ് മേധാവി കെ. കാർത്തിക് സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിത യാത്രയൊരുക്കി സഹയാത്രിക. രാത്രി ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമെത്തുന്ന സ്ത്രീകൾക്ക് യാത്രക്ക് ഇനി ധൈര്യമായി ഓട്ടോറിക്ഷ ഡ്രൈവർമാരെ വിളിക്കാം. ഇവരുടെ നമ്പറും പേരും സ്റ്റാൻഡിലെ ബോർഡുകളിൽ പ്രദർശിപ്പിക്കും. പൊലീസും ജില്ല പഞ്ചായത്തും ചേർന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാർക്ക് പരിശീലനം നൽകിയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. റെയിൽവേ സ്റ്റേഷനിൽ 17, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ 10, നാഗമ്പടം സ്റ്റാൻഡിൽ അഞ്ച് ഡ്രൈവർമാരുമാണ് പദ്ധതിയിലുള്ളത്. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുണ്ടാവും. ഓട്ടോകളിൽ സഹയാത്രികയുടെ സ്റ്റിക്കറുകളും പതിച്ചിട്ടുണ്ടാവും.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പദ്ധതിയുടെ ഉദ്ഘാടനവും വാഹനങ്ങളുടെ ഫ്ലാഗ്ഓഫും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ഓട്ടോകളിൽ സ്റ്റിക്കർ പതിക്കൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. കലക്ടർ ഡോ. വി. വിഘ്നേശ്വരി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ടി.എം. വർഗീസ്, വനിത ഉപദേശക സമിതി അംഗം അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, വനിത പ്രൊട്ടക്ഷൻ ഓഫിസർ സുനിത, ബി.സി.എം കോളജ് വൈസ് പ്രിൻസിപ്പൽ അന്നു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

