'ഡാർക്കിലാണല്ലോ മച്ചാനേ'; ബസ് പോയാൽ വെളിച്ചം 'സ്വിച്ച് ഓഫ്', ഹെഡ്‌ലൈറ്റ് വെട്ടത്തിൽ രാത്രി ജോലി ചെയ്ത് കോട്ടയം ഡിപ്പോ ജീവനക്കാർ
text_fieldsകോട്ടയം: വൈദ്യുതി മുടങ്ങിയാൽ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ 'ഡാർക്കിലാണ്'. മൊബൈൽ ഫോൺ വെളിച്ചത്തിൽ തപ്പിത്തടഞ്ഞുവേണം യാത്രക്കാർ ബസ് കണ്ടുപിടിക്കാൻ. ഡിപ്പോയിൽ പലയിടത്തും തെരുവുനായ് ശല്യവും രൂക്ഷമാണ്. ഇരുട്ടിൽ അറിയാതെയെങ്ങാനും ചവിട്ടിപ്പോയാൽ കടി കിട്ടും എന്ന ഉറപ്പാണ്. ഇതാണ് ഇപ്പോൾ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ രാത്രിക്കാല കാഴ്ചകൾ. വൈദ്യുതി മുടങ്ങിയാൽ സ്റ്റാൻഡ് മൊത്തത്തിൽ ഇരുട്ടിലാകും. ബസുകളുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിലാണ് പിന്നെ സ്റ്റാൻഡിന്റെ പ്രവർത്തനം.
ജില്ലയിലെ പ്രധാന സ്റ്റാൻഡ് ആയതിനാൽ നിരവധി യാത്രക്കാരാണ് രാത്രിക്കാലത്തും കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നത്. ഏതെങ്കിലും ബസ് ഓഫ് ചെയ്യുകയോ സ്റ്റാൻഡിൽനിന്ന് പോകുകയോ ചെയ്താൽ പ്രദേശം ഇരുട്ടിലാകും. പിന്നെ അടുത്ത ബസ് വരുമ്പോഴാണ് വെളിച്ചം വരിക. ഈ സമയം, ഓഫീസ് ജീവനക്കാർ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിലാകും ജോലി ചെയ്യുക. യാത്രക്കാർ ബാഗും മറ്റ് വസ്തുക്കളുമായി ഇരുട്ടിലൂടെ ബസ് തേടി നടക്കണം.
ഇരിപ്പിടങ്ങൾക്കു ചുവട്ടിലും നടക്കുന്ന വഴിയിലും തെരുവുനായ് ശല്യവുമുണ്ട്. സാമൂഹികവിരുദ്ധരും ലഹരി, മദ്യപസംഘങ്ങളും ഭിക്ഷാടകസംഘങ്ങളും ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുണ്ട്. ഇതിനിടയിലാണ് വൈദ്യുതി മുടങ്ങുന്നത്. സ്റ്റാൻഡിനോടു ചേർന്നുള്ള ഓഫീസിൽ ഇൻവെർട്ടറില്ല. ആകെയുള്ളത് ചെറിയ ഇൻവെർട്ടർ ട്യൂബ് മാത്രം. മറ്റൊന്നുള്ളത് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ്. കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി മാത്രമാണ് ഈ ഇൻവെർട്ടറിനുള്ളത്.
അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം തടയാൻ ശ്രദ്ധ വേണം. എൻ.ടി.പി.സി, മറ്റു സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതൽ വില കൊടുത്തു വൈദ്യുതി വാങ്ങേണ്ടിവന്നാൽ അതും ആലോചിക്കും. ഇതിനായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടി കത്തുനൽകാൻ കെ.എസ്.ഇ.ബി ചെയർമാനോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
പ്രസംഗത്തിനിടെ മനഃപൂർവം വൈദ്യുതി കട്ട് ചെയ്യുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല. കഴിഞ്ഞദിവസം കൊച്ചിയിൽ പ്രസംഗത്തിനിടെ വൈദ്യുതി തടസ്സപ്പെട്ടതുപോലെ കണ്ണൂരിൽ ഞായറാഴ്ച ഒരു ക്ഷേത്രത്തിൽ സംസാരിക്കുന്നതിനിടെയും വൈദ്യുതി തടസ്സപ്പെട്ടു. ഇത്തരത്തിൽ മനഃപൂർവം കട്ട് ചെയ്യുന്നവരുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

