കഥകളി ആചാര്യൻ കോട്ടക്കൽ ശംഭു എമ്പ്രാന്തിരി അന്തരിച്ചു
text_fieldsകോട്ടക്കല്‍: അഞ്ച് പതിറ്റാണ്ടിലേറെക്കാലം സ്ത്രീവേഷത്തിലൂടെ അരങ്ങിലെത്തി ശ്രദ്ധേയനായ കഥകളി കലാകാരൻ ശംഭു എമ്പ്രാന്തിരി ആശാൻ (77) നിര്യാതനായി. ശാരീരികാവശതകളെത്തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അന്ത്യം.
1942ൽ പാലക്കാട് തൂതയിൽ ശംഭു എമ്പ്രാന്തിരിയുടെയും ലക്ഷ്മി അന്തർജനത്തിെൻറയും മകനായി ജനിച്ച ഇദ്ദേഹം തേക്കിന്‍കാട്ടില്‍ രാവുണ്ണിനായർ ആശാെൻറ കീഴിലായിരുന്നു കഥകളി പഠനമാരംഭിച്ചത്. ഗാന്ധിസേവാസദനത്തിലും തുടർന്ന് 1964ൽ പി.എസ്.വി നാട്യസംഘത്തിലും ചേർന്ന് അഭ്യസനം പൂര്‍ത്തിയാക്കി. വാഴേങ്കട കുഞ്ചുനായര്‍, കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ എന്നിവരായിരുന്നു മറ്റ് ഗുരുനാഥന്മാര്‍. നാൽപതുവര്‍ഷത്തോളം നാട്യസംഘത്തിലെ സ്ഥിരാംഗമായിരുന്നു.
2002ൽ പി.എസ്.വിയിൽനിന്ന് വിരമിച്ചു. മുഖ്യമായും സ്ത്രീവേഷങ്ങളിലൂടെയായിരുന്നു അരങ്ങിലെത്തിയത്. വാഴേങ്കട മുതല്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യർ വരെയുള്ളവര്‍ക്കൊപ്പം നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീട് അരങ്ങില്‍നിന്ന് സ്വമേധയാ വിട്ടുനിന്നു.
കലാമണ്ഡലം പുരസ്കാരം, പാലക്കാട് കേളി കഥകളി ആസ്വാദക പുരസ്കാരം, കോട്ടക്കൽ ശിവരാമൻ സ്മൃതി പുരസ്കാരം, ഈ വർഷത്തെ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സരോജം. മക്കൾ: ബിന്ദു, ഇന്ദു, മിനി. മരുമക്കൾ: മോഹനൻ എമ്പ്രാന്തിരി, സുരേന്ദ്രൻ എമ്പ്രാന്തിരി, ശശി എമ്പ്രാന്തിരി. സംസ്കാരം ചൊവ്വാഴ്ച ഉച്ച 12ന് നന്ദേൻ കുളമ്പ് ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
