കൊട്ടക്കാമ്പൂര്‍: തുടർ നടപടി ആറാഴ്ചത്തേക്ക് തടഞ്ഞു
text_fieldsകൊച്ചി: ജോയ്‌സ് ജോർജ് എം.പിയും കുടുംബാംഗങ്ങളും ആരോപണവിധേയരായ കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട് കേസിലെ കുറ്റപത്രത്തിൻമേലുള്ള തുടർ നടപടികൾ ഹൈകോടതി ആറാഴ്ചത്തേക്ക് തടഞ്ഞു. കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിക്കാൻ അനുമതി നൽകുന്ന മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് വിചാരണ കോടതിക്ക് ഹൈകോടതി ഇൗ നിര്‍ദേശം നല്‍കിയത്. ഭൂമിയിടപാടിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയ ഉടുമ്പഞ്ചോല സ്വദേശി മുകേഷാണ് പുനഃപരിശോധന ഹരജി നല്‍കിയിരിക്കുന്നത്.
എം. പിയടക്കമുള്ളവര്‍ക്കെതിരെ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാമെന്ന അന്തിമ റിപ്പോർട്ടാണ് പൊലീസ് തൊടുപുഴ ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പട്ടിക വിഭാഗക്കാരുടെ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് അഞ്ചു കേസാണ് ദേവികുളം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കൊട്ടക്കാമ്പൂരില്‍ തനിക്ക് 1995 ല്‍ അഞ്ച് ഏക്കറോളം ഭൂമിയുണ്ടായിരുന്നെന്നും ഇതിനോടു ചേര്‍ന്നുണ്ടായിരുന്ന പട്ടയമില്ലാത്ത നാലേക്കര്‍ വീതമുള്ള പ്ലോട്ടുകള്‍ ഉടമകള്‍ വില്‍ക്കാന്‍ തയാറായപ്പോള്‍ ഏക്കറിന് 30,000 രൂപ വീതം നല്‍കി വാങ്ങിയെന്നുമാണ് കേസിലെ ഒന്നാം പ്രതിയും ജോയ്‌സ് ജോര്‍ജ് എം.പിയുടെ പിതാവുമായ പാലിയത്ത് ജോര്‍ജ് മൊഴി നല്‍കിയിരുന്നത്.
ഭൂമി നഷ്ടപ്പെട്ടു എന്ന് പറയുന്നവർ തട്ടിപ്പ് നടന്നതായി മൊഴി നൽകിയിട്ടുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പട്ടിക വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ചട്ട പ്രകാരം ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ അനുമതി തേടിയ ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഡിവൈ.എസ്.പി ഹൈകോടതിയെ അറിയിച്ചിരുന്നു. കേസ് രണ്ടാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
