'മറക്കാൻ ശ്രമിച്ചവയെ ദുരന്തമായി വന്ന് പ്രകൃതി വീണ്ടും ഓർമ്മിപ്പിച്ചു...'- കൂട്ടിക്കലിലെ നോവിന്‍റെ തീരത്ത് ജയചന്ദ്രൻ
text_fieldsകൂട്ടിക്കലിൽ കരകവിഞ്ഞൊഴുകിയ പുല്ലകയാറിൻ്റെ തീരത്ത് അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പ്രാർഥിക്കുന്ന കൂട്ടിക്കൽ ജയചന്ദ്രൻ
കൂട്ടിക്കൽ: " സ്കൂളിൽ പഠിക്കുമ്പോൾ ഈ മുറിയിലിരുന്നാണ് ആരുമറിയാതെ മിമിക്രി പരിശീലിച്ചിരുന്നത്. മുതിർന്നപ്പോൾ കഥയും കവിതയുമൊക്കെ എഴുതിയിരുന്നത് ഇവിടെയിരുന്നാണ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളൊട്ടിച്ചിരുന്ന ഈ ചുവരുകളിലേക്ക് നോക്കിയാണ് സിനിമ സ്വപ്നം കണ്ടിരുന്നത്" - തകർന്ന വീട്ടിലെ തൻ്റെ മുറിയുടെ മുന്നിൽ നിന്ന് ഇത് പറയുമ്പോൾ നടനും അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ്റെ സ്വരമിടറി.
അച്ഛനും അമ്മയും ഉപയോഗിച്ചിരുന്ന മുറി പൂർണമായും തകർന്ന് കിടക്കുന്നത് കണ്ടപ്പോഴും ആ കണ്ണുകൾ നിറഞ്ഞു. ഒരാഴ്ച മുമ്പ് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും തകർത്തെറിഞ്ഞ ജന്മനാടിന് സാന്ത്വനമേകാൻ എത്തിയതായിരുന്നു ജയചന്ദ്രൻ. അപ്പോഴാണ് ബാല്യകാലം മുതൽ സിനിമാ താരമാകുന്നത് വരെ ജീവിച്ച വീട് കാണാൻ ജയചന്ദ്രൻ എത്തിയത്. കൂട്ടിക്കൽ ചപ്പാത്തിലുള്ള വീട് ഒക്ടോബർ 16നുണ്ടായ വെള്ളപ്പൊക്കത്തിൽ പകുതിയിലേറെ തകർന്നിരുന്നു. മറ്റൊരാൾക്ക് വിറ്റ ഈ വീടിൻ്റെ പുരയിടത്തിലാണ് അച്ഛനെയും അമ്മയെയും സംസ്കരിച്ചിരിക്കുന്നത്. കരകവിഞ്ഞൊഴുകിയ പുല്ലകയാർ കൊണ്ടുവന്ന മണൽ മൂടിക്കിടക്കുകയാണ് അവിടം. അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ആ മണ്ണിൽ തൊട്ടും ജയചന്ദ്രൻ ഒരു നിമിഷം പ്രാർഥിച്ചു. കൃഷിയെ എന്നും സ്നേഹിച്ചിരുന്ന രാമൻകുട്ടി വൈദ്യർക്കും ഗൗരിയമ്മക്കുമുള്ള പ്രകൃതിയുടെ ആദരാഞ്ജലി പോലെ കാറ്റിൽ നിലംപതിച്ചൊരു വാഴക്കുലയും അവിടെ.
ഒരാഴ്ച മുമ്പുണ്ടായ പ്രകൃതി ദുരന്തത്തിൽ തകർന്ന പണ്ട് താമസിച്ചിരുന്ന വീടിന് മുന്നിൽ കൂട്ടിക്കൽ ജയചന്ദ്രൻ
" അവർ ഒരുപാട് സ്നേഹത്തോടെ നട്ടുവളർത്തിയ മരങ്ങളാണ് ഇന്നും ഈ പറമ്പിലുള്ളത്. എനിക്ക് ഒരു കലാകാരനാകാനുള്ള പ്രചോദനം നൽകിയത് ഈ പുഴയാണ്. ഇങ്ങനെയൊരു കലിതുള്ളൽ ഇതുവരെ പുല്ലകയാർ നടത്തിയിട്ടില്ല. പ്രകൃതിയുടെ തീരുമാനമാണിത്. എന്താണ് പ്രകൃതിയുടെ ഉദ്ദേശമെന്ന് ആർക്കും അറിയില്ലല്ലോ. ദൈവമാണ് പ്രകൃതി. അത് തീർച്ചയായും ഒരു ശുദ്ധികലശം നടത്തും. പ്രകൃതിയെ മറന്ന്, മനുഷ്യത്വം മറന്ന് ജീവിക്കരുതെന്ന ഓർമ്മപ്പെടുത്തലാണ് ഇത്തരം ദുരന്തങ്ങൾ" -ജയചന്ദ്രൻ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ കോഴിക്കോട് തിലകൻ അനുസ്മരണ സമിതി സമാഹരിച്ച വസ്തുക്കളുമായാണ് ജയചന്ദ്രൻ എത്തിയത്. കൂട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂൾ, ഏന്തയാർ മർഫി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്ക് അവ കൈമാറി. ദുരിതഭൂമിയായ ജന്മനാട് സന്ദർശിച്ച ശേഷം ജയചന്ദ്രൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയായിരുന്നു -
കോഴിക്കോട് തിലകൻ അനുസ്മരണ സമിതി സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കൾ സെൻ്റ് ജോർജ് ഹൈസ്കൂളിൽ പ്രർത്തിക്കുന്ന ക്യാമ്പിലേക്ക് കൂട്ടിക്കൽ ജയചന്ദ്രൻ കൈമാറുന്നു
''അച്ഛനും അമ്മയും പോയ അന്നുമുതൽ വെറും ചലനമുളള ഒരു ശരീരം മാത്രമായി ഞാൻ! മറക്കാൻ ശ്രമിച്ചവയെ എല്ലാം ദുരന്തമായി വന്ന് പ്രകൃതി വീണ്ടും ഓർമ്മപ്പിച്ചു! കൂട്ടിക്കലിൽ അവർ ഉറങ്ങുന്ന പുഴയുടെ തീരവും, സ്വപ്നങ്ങളിലേക്ക് സ്വയം പ്രോത്സാഹിപ്പിച്ച് ജീവിച്ച കുഞ്ഞ് വീടും! ഇന്ന് എൻ്റെ കൈവശമല്ല..."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

