കൗൺസിലറെ തട്ടിക്കൊണ്ടുപോകൽ: 25 എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസ്; പ്രതിഷേധിച്ച 50 ഓളം യു.ഡി.എഫുകാർക്കെതിരെയും കേസ്
text_fieldsകൂത്താട്ടുകുളം (കൊച്ചി): കൂത്താട്ടുകുളം നഗരസഭ അധ്യക്ഷക്കെതിരായ അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കാനെത്തിയ എൽ.ഡി.എഫ് കൗൺസിലർ കല രാജുവിനെ സി.പി.എമ്മുകാർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തെതുടർന്ന് യു.ഡി.എഫ് നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് അനൂപ് ജേക്കബ് എം.എൽ.എ ഉൾപ്പെടെ 50ഓളം യു.ഡി.എഫ് പ്രവർത്തകർക്കെതിരായ കേസാണ് അതിലൊന്ന്. തട്ടിക്കൊണ്ടുപോകൽ സംഘർഷവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയടക്കം 25ഓളം എൽ.ഡി.എഫ് നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ, കൗൺസിലർ സുമ വിശ്വംഭരൻ, അംബിക രാജേന്ദ്രൻ എന്നിവരെ അപമാനിച്ചെന്ന പരാതിയിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഐ.പി.സി 354 പ്രകാരം കെ.ആർ. ജയകുമാർ, പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ, റെജി ജോൺ, ബോബൻ വറുഗീസ് എന്നിവർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്.
പൊലീസ് സ്റ്റേഷൻ ഉപരോധ കേസിൽ നാലാം പ്രതിയാണ് അനൂപ് ജേക്കബ് എം.എൽ.എ. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ ഭാസ്കരൻ, ബോബൻ വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റെജി ജോൺ എന്നിവരാണ് മറ്റ് പ്രതികൾ.
സി.പി.എം കൗൺസിലറായ കല രാജു യു.ഡി.എഫ് കൗൺസിലർമാർക്കൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോൾ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തതിനാണ് എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്തത്. സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫെബീഷ് ജോർജ്, ഷാജി ജോർജ് എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് കേസ്. അമ്മയെ തട്ടിക്കൊണ്ടുപോയെന്ന കല രാജുവിന്റെ മകന്റെ പരാതിയിൽ ശനിയാഴ്ച തന്നെ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.
നിലവിൽ എറണാകുളം ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് കല രാജു. 164ാം വകുപ്പ് പ്രകാരം ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി തിങ്കളാഴ്ച യു.ഡി.എഫ് കോടതിയെ സമീപിക്കും. കല രാജുവിന്റെ പരാതിയിൽ എഫ്.ഐ.ആർ ഇട്ടെങ്കിലും സി.പി.എം നേതാക്കൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം കല രാജുവിനെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പാർട്ടി തീരുമാനപ്രകാരം അവരുൾപ്പെടെ 13 കൗൺസിലർമാർ ഏരിയ കമ്മിറ്റി ഓഫിസിലിരിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ് രംഗത്തെത്തി. നല്ലരീതിയിൽ സംസാരിച്ച് പിരിഞ്ഞ കല രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റി ഓഫിസിലെ ദൃശ്യങ്ങളും പുറത്തുവിട്ടു.
കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂട്ടുനിന്നെന്ന് പൊലീസിനെതിരെയും ആരോപണം ഉയർന്നു.
ഇതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാൻ റൂറൽ എസ്.പി അന്വേഷണത്തിന് നിർദേശം നൽകി. ക്രൂരമായ അപമാനമാണ് തനിക്ക് സഹിക്കേണ്ടി വന്നതെന്ന് കല രാജു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

