കൂടത്തിൽ കൊലപാതകം; കൃത്യമായ ആസൂത്രണം; വൈരുധ്യങ്ങൾ തിരിച്ചടിയായി
text_fieldsതിരുവനന്തപുരം: കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ കരമന കാലടി കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായർക്ക് (60) തിരിച്ചടിയായത് നിർണായക ശാസ്ത്രീയ തെളിവുകൾക്ക് പുറമെ ആശുപത്രിയിലെത്തിച്ചതിലെ വൈരുധ്യവും.
2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായരെ കൂടത്തിൽ വീട്ടിൽ നിന്നും അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ മരണസമയവുമായി ബന്ധപ്പെട്ട മൊഴികളിലും മൃതദേഹം ആശുപത്രിയിലെത്തിച്ച രീതിയിലും വൈരുധ്യങ്ങൾ കണ്ടെത്തി. മെഡിക്കൽ, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിലും തടിക്കഷണത്തിലും രക്തക്കറകൾ കണ്ടെത്തി.
ഇവ മനുഷ്യരക്തമാണെന്ന് സ്ഥിരീകരിക്കുകയും ജയമാധവൻ നായരുടെ ബന്ധുവിന്റെ രക്തസാമ്പിളുമായി നടത്തിയ താരതമ്യപരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിക്കുകയും ചെയ്തു.
ഹിസ്റ്റോപാത്തോളജി റിപ്പോർട്ടിൽ തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന കണ്ടെത്തി. ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ച സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അനിലിന്റെ കാറിൽ നടത്തിയ പരിശോധനയിലും രക്തക്കറ കണ്ടെത്തി സ്ഥിരീകരിച്ചിരുന്നു.
ഈ കാർ ഓടിച്ചത് സഞ്ജു എന്നയാളാണെന്നു അന്വേഷണത്തിൽ വെളിവായി. ജയമാധവ ൻ നായരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി വ്യാജ വിൽപ്പത്രം തയ്യാറാക്കിയെന്ന പരാതിയും അന്വേഷണത്തിൽ പരിശോധിച്ചു. വിൽപത്രത്തിലെ ഒപ്പ് ജയമാധവൻ നായരുടേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ, ഫോറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ, മറ്റ് അന്വേഷണ വിവരങ്ങൾ എന്നിവ വിലയിരുത്തി രവീന്ദ്രൻ നായർക്കെതിരായ അന്വേഷണം ശക്തമാക്കി. ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് പരിശോധന ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകളും നടത്തി. തലക്കേറ്റ പരിക്കും ശ്വാസം മുട്ടിക്കലും മരണത്തിന് കാരണമായെന്ന മെഡിക്കൽ അഭിപ്രായവും അന്വേഷണത്തിൽ പരിഗണിച്ചു.
അവിവാഹിതനായ ജയമാധവൻ നായർ വിവാഹം കഴിച്ചാൽ പ്രതി വ്യാജമായി നിർമിച്ച വിൽപത്രപ്രകാരമുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾക്കു വേറെ അവകാശിയുണ്ടാകുമെന്ന വിരോധവും, സ്വത്തു കൈവശപ്പെടുത്താനുള്ള ലക്ഷ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണസംഘം കണ്ടെത്തി.
സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശപ്രകാരം, ഡെപ്യൂട്ടി പൊലീസ് കമീഷണർ ദീപക് ധന്കറിന്റെ മേൽനോട്ടത്തിൽ, സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി. എം.ഐ. ഷാജി, സബ് ഇൻസ്പെക്ടർ ബിപിൻ പ്രകാശ്, എ.എസ്.ഐ. ജയകുമാർ, എസ്.സി.പി.ഒ പ്രതാപൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
കാര്യസ്ഥന്റെ ലക്ഷ്യം സ്വത്ത് തട്ടിയെടുക്കൽ; ദുരൂഹത തുടരുന്നു
തിരുവനന്തപുരം: കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹ മരണത്തില് വര്ഷങ്ങള്ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യാൻ ജില്ല ക്രൈംബ്രാഞ്ചിന് സഹായകമായത് ബ്രെയിൻ മാപ്പിങ് ഉൾപ്പെടെ ശാസ്ത്രീയ അന്വേഷണം. കുടുംബത്തിലെ അവസാന അംഗമായിരുന്ന ജയമാധവൻ നായരുടെ മരണത്തിലാണ് ഇപ്പോൾ പ്രതി കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിലായതെങ്കിലും മുമ്പ് നടന്ന മറ്റ് ആറ് ദുരൂഹമരണങ്ങളും കൊലപാതകമാണെന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ജയമാധവനെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് വൈകുകയായിരുന്നു. കൃത്യമായ തെളിവുകൾ ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നത്. പൊലീസിന്റെ ചരിത്രത്തിലെ ഒരു പൊൻതൂവലായി ഈ അന്വേഷണം മാറുകയാണ്.
കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്ക്ക് പിന്നാലെയാണ് കരമനകൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ യഥാർഥചിത്രവും പുറത്തുവരുന്നത്. ഇടവിട്ടുള്ള കാലഘട്ടത്തിൽ നടന്നത് ആസൂത്രിത കൊലപാതകങ്ങളെന്ന ആക്ഷേപമാണ് ഉയർന്നത്.
2017 ലെ ജയമോഹൻ നായരുടെ മരണമാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഫോറന്സിക് റിപ്പോര്ട്ടായിരുന്നു കേസില് നിര്ണായകമായത്. ശാസ്ത്രീയ അന്വേഷണങ്ങളും ബ്രെയിൻ മാപ്പിങ് പരിശോധനയുമാണ് കേസിൽ നിർണായക വഴിത്തിരിവായത്. സ്വത്ത് മുഴുവൻ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജയമാധവനെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തല ചുമരിൽ ഇടിച്ചും കടിച്ചും പരിക്കേൽപ്പിച്ച ശേഷം ഗുരുതരമായ അവസ്ഥയിലായ ഇയാളെ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ജയമാധവൻ നായർ മരണപ്പെട്ടിരുന്നു.
സ്വത്ത് തട്ടിയെടുക്കുന്നതിനായി കൂടത്തിൽ കുടുംബത്തിലെ ഓരോ അംഗങ്ങളെയും വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. വർഷങ്ങളായി നീണ്ടുനിന്ന ദുരൂഹതകൾക്ക് ശാസ്ത്രീയ തെളിവുകളുടെയും ബ്രെയിൻ മാപ്പിങ് ഫലങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ ഔദ്യോഗികമായി അവസാനമാകുകയാണ്. പിടിയിലായ രവീന്ദ്രനെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നും അതിനാലാണ് അറസ്റ്റെന്നുമാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

