കൂടത്തായി കൊലപാതക പരമ്പര: റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഡോക്ടറുടെ മൊഴി, കടലക്കറിയിൽ പ്രതി ജോളി സയനൈഡ് ചേർത്തു നൽകിയെന്നാണ് കേസ്
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഹെഡായിരുന്ന ഡോ.കെ. പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയത്.
റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധന റിപ്പോർട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ഡോ.പ്രസന്നൻ സാക്ഷി വിസ്താരത്തിനിടെ മൊഴി നൽകിയത്. പ്രതി ജോളി ജോസഫ് കടലക്കറിയിൽ സയനൈഡ് ചേർത്തു നൽകി റോയ് തോമസിനെ കൊലപ്പെടുത്തി എന്നാണ് കേസ്.
റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ആർ സോനു മരണപ്പെട്ട സാഹചര്യത്തിലാണ് അന്ന് ഫോറൻസിക് മേധാവിയായിരുന്ന ഡോ. പ്രസന്നനെ വിസ്തരിച്ചത്. കേസിലെ 123 മത്തെ സാക്ഷിയായാണ് ഡോക്ടർ കെ പ്രസന്നനെ വിസ്തരിച്ചത്.
2019 ഒക്ടോബർ അഞ്ചിനാണ് ജോളി അറസ്റ്റിലാവുന്നത്. കൂടത്തായിയിൽ 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്.
ആദ്യ ഭർത്താവ് റോയ് തോമസ്(40), റോയിയുടെ മാതാപിതാക്കളായ റിട്ട. അധ്യാപിക പൊന്നാമറ്റം അന്നമ്മ(60), റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ് (66), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ(68), ടോം തോമസിന്റെ സഹോദരപുത്രനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്കറിയയുടെ ഭാര്യ സിലി(44), മകൾ ആൽഫൈൻ(2) എന്നിവരെയാണ് ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

