റാണിയായി വിലസിയ വീട്ടിൽ നിർവികാരതയോടെ...
text_fieldsകോഴിക്കോട്: 22 വർഷത്തോളം റാണിയായി വിലസിയ വീട്ടിൽ കൊലപാതക കേസിൽ പ്രതിയായി തലകുനിച്ച് നിർവികാരതയോടെ ജോളി. കട്ടപ്പനയിലെ ചോട്ടയിൽ കുടുംബത്തിൽനിന്ന് കൂടത്തായി പൊന്നാമറ്റം തറവാടിെൻറ മരുമകളായി 1997ലാണ് ജോളി, റോയിയുടെ ജീവിത സഖിയായി എത്തിയത്. മരുമകളെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയ അന്നമ്മയെ അകാലമൃത്യുവിന് ഇരയാക്കിയ പാപഭാരവുമേന്തിയായിരുന്നു വെള്ളിയാഴ്ചയിലെ തെളിവെടുപ്പിനായുള്ള ഗൃഹപ്രവേശം.
സർവ സ്വാതന്ത്ര്യങ്ങളും ജോളിക്കുണ്ടായിരുന്ന വീട്ടിൽ അവർ എല്ലാവരുടെയും സ്നേഹഭാജനമായിരുന്നു. എന്നാൽ, എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തുന്നതായി പിന്നീടുള്ള നടപടികൾ. കുടുംബത്തിെൻറ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന അന്നമ്മയെ ആദ്യം വീഴ്ത്തി. പിന്നീട് കുടുംബനാഥനായ ടോം തോമസിനെ. ഇതോടെ കുടുംബഭരണം ഇവരുടെ കൈപ്പിടിയിലമർന്നു. വഴിവിട്ട പോക്കുകൾ ചോദ്യംചെയ്ത ഭർത്താവ് റോയിയെയും ഇതേ വീട്ടിൽവെച്ചുതന്നെ വകവരുത്തി.
വീടും പുരയിടവും സ്വന്തമാക്കാനായി ടോം തോമസിെൻറ പേരിൽ വ്യാജ ഒസ്യത്തുണ്ടാക്കി. ഇതും പോരാഞ്ഞ് വീടിനോട് ചേർന്നുള്ള 50 സെൻറ് സ്ഥലത്തിനും അവകാശമുന്നയിച്ചു. എല്ലാം കൈപ്പിടിയിലൊതുങ്ങുമെന്ന് കരുതിയെങ്കിലും ‘സൗഭാഗ്യങ്ങൾ’ ഒന്നൊന്നായി വഴിമാറി. ഒടുവിൽ എത്തിയത് ആറു കൊലപാതക കേസുകളിലെ മുഖ്യപ്രതിയെന്ന ‘കിരീടം’. സർവ സൗഭാഗ്യങ്ങളോടെ, അല്ലലില്ലാതെ കഴിയേണ്ടിടത്ത് സ്വയം കൊളുത്തിയ കരിന്തിരിയിൽ കാരാഗൃഹത്തിലേക്ക്.
താക്കീതുകൾ ഫലം കണ്ടില്ല
കോഴിക്കോട്: കുടുംബ ബന്ധങ്ങൾ അതിരുകടന്ന സൗഹൃദങ്ങളായി മാറിയതിനെ തുടർന്ന് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസനെയും ജോളിയെയും നിരവധി തവണ ഇരു വീട്ടുകാരും താക്കീതു ചെയ്തെങ്കിലും ഫലം കണ്ടില്ല. ജോൺസെൻറ കുടുംബാംഗങ്ങളും അദ്ദേഹത്തിെൻറ ഭാര്യയുടെ വീട്ടുകാരും മാത്രമല്ല, ജോളിയുടെ കട്ടപ്പനയിലെ സഹോദരനും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. കൂടത്തായി ലൂർദ് മാതാ പള്ളിയിലെ വികാരിയടക്കം ജോളിയുടെ വീട്ടിലെത്തി സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ജോളി കുടുംബം തകർക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജോൺസെൻറ ഭാര്യയുടെ വീട്ടുകാർ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി താക്കീത് നൽകി. ഈ പരാതി ഇപ്പോൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്.
റോയിയുടെ മരണശേഷമാണ് ജോൺസെൻറയും ജോളിയുടെയും കുടുംബങ്ങൾ അടുക്കുന്നത്. ഇവരുെട കുട്ടികൾ വഴിയുള്ള സൗഹൃദം പിന്നീട് അതിരുകടക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ഒന്നിച്ച് വിനോദയാത്രക്കും സിനിമ കാണാനും പോയിട്ടുണ്ട്. ഇതോടെ ജോളിയും മക്കളും ജോൺസെൻറയും ജോൺസെൻറ മക്കൾ ജോളിയുടെ വീട്ടിലും പതിവ് സന്ദർശകരായി.സൗഹൃദം വഴിവിട്ടപ്പോൾ നാട്ടിൽ ചർച്ചയായി. ഇതിനെതുടർന്നാണ് വീട്ടുകാർ ഇടപെട്ടത്. പൊലീസ് താക്കീത് ചെയ്തതോടെ കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള യാത്രകൾ അവസാനിപ്പിച്ചിരുന്നു.
വീട്ടിൽ പലർക്കും വിരുന്നൊരുക്കി
കോഴിക്കോട്: റോയിയുടെ മരണശേഷം ജോളി പല ഉന്നതർക്കും വീട്ടിൽ വിരുന്നൊരുക്കി. പൊന്നാമറ്റം കുടുംബക്കാരെയും ജോളിയുടെ ചോട്ടയിൽ വീട്ടുകാരെയും ഒഴിവാക്കിയായിരുന്നു ഈ സൗഹൃദവിരുന്ന്. മക്കളുടെ പിറന്നാൾ ദിനത്തിലും കുടുംബക്കാരെ ഒഴിവാക്കിയുള്ള സൗഹൃദ വിരുന്നുകൾ നടന്നു. ഈ വിരുന്നുകളെക്കുറിച്ചും പെങ്കടുത്തവരെക്കുറിച്ചും അന്വേഷണസംഘം വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പുതുവേഷത്തിൽ വീണ്ടും വീട്ടിൽ
കോഴിക്കോട്: കൂടത്തായ് കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി പുതിയ ചുരിദാറുമണിഞ്ഞാണ് തെളിവെടുപ്പിനെത്തിയത്. റിമാന്‍ഡിലായശേഷം ആറു ദിവസവും അണിഞ്ഞ കറുപ്പ് ചുരിദാറില്‍നിന്ന് മോചനമായത് വെള്ളിയാഴ്ച രാവിലെയാണ്. വനിത പൊലീസുകാര്‍ ചുവന്ന ചുരിദാറും റോസ് നിറത്തിലുള്ള ഷാളും വാങ്ങിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞദിവസം താമരശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴുള്ള തിരക്കിനിടെ ജോളിയുടെ ചെരിപ്പുകള്‍ നഷ്ടമായിരുന്നു. അതിനാല്‍, ചെരിപ്പില്ലാതെയാണ് ജോളിയെത്തിയത്. തെളിവെടുപ്പിനിടയില്‍ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി, ഒരു കൂസലുമില്ലാതെ മറുപടി നല്‍കിയതായി സാക്ഷികളായുണ്ടായിരുന്നവര് പറഞ്ഞു. മുഖം മറെച്ചത്തിയ ജോളി പൊന്നാമറ്റം വീട്ടിനുള്ളിലെത്തിയപ്പോള്‍ ഷാള്‍ മുഖത്തുനിന്ന് മാറ്റി. വീടിനുള്ളില്‍ മുഴുവന്‍ നടന്ന് കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചു.
ജോളി എന്‍.ഐ.ടി അധ്യാപികയാണെന്നായിരുന്നു നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞ് പറ്റിച്ചത്. എം.കോം ബിരുദവും പിഎച്ച്.ഡിയും ഒക്കെ സ്വന്തമാക്കിയെന്നും പറഞ്ഞിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് തിരഞ്ഞ അന്വേഷണസംഘത്തിന് ഒന്നും കിട്ടിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ കാണുന്നില്ലെന്നായിരുന്നു മറുപടി. ഏത് കോഴ്സ് വരെയുള്ള സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ചോദിച്ചപ്പോള്‍ ബി.കോം എന്നായി ഉത്തരം. എം.കോം പഠിച്ചു എന്നു പറഞ്ഞത് കളവാണെന്നും പ്രതി പറഞ്ഞു. മൂന്ന് ഡയറിയും അന്വേഷണസംഘം കണ്ടെടുത്തു. ഇതെല്ലാം സാക്ഷികളുടെ ഒപ്പിട്ട് കസ്റ്റഡിയിലെടുത്തു. ആരുടെ ഡയറിയാണിതെന്ന് വ്യക്തമല്ല.
രണ്ടര മണിക്കൂറോളം പൊന്നാമറ്റത്തെ തെളിവെടുപ്പ് കഴിഞ്ഞ് മഞ്ചാടിയില്‍ വീട്ടിലെത്തിയപ്പോഴും ജോളി തെളിവെടുപ്പിനോട് കൃത്യമായി സഹകരിച്ചു. പിന്നീട് താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് ഉച്ചഭക്ഷണത്തിനായി പോകുമ്പോള്‍ ജോളി മാത്രമല്ല, പൊലീസ് സംഘവും ക്ഷീണിച്ചിരുന്നു. 49 ചിക്കന്‍ ബിരിയാണി പൊതികള്‍ പ്രതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി തയാറാക്കിവെച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ വെച്ച് ഭക്ഷണത്തോട് മടുപ്പ് കാണിച്ച ജോളി വെള്ളിയാഴ്ച ഉച്ചഭക്ഷണം ആവശ്യത്തിന് കഴിച്ചു. പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ടവരാരും തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി പേരാണ് പൊന്നാമറ്റം വീട്ടിനരികിലേക്ക് എത്തിയത്. ചിലര്‍ തെളിവെടുപ്പ് നടന്ന മുഴുവന്‍ സ്ഥലങ്ങളിലും പൊലീസിെൻറ വാഹനവ്യൂഹത്തെ പിന്തുടര്ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
