പ്രണയമില്ല; വിവാഹം നടന്നത് ജോളിയുടെ തിരക്കഥയനുസരിച്ച്- ഷാജു
text_fieldsകോഴിക്കോട്: രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യമെന്നും ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും രണ്ടാം ഭര്‍ത്താവ് ഷാജു. തങ്ങളുടെ വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളിയാണ്. വിവാഹം ജോളിയുടെ തിരക്കഥയനുസരിച്ചാണ് നടന്നത്. ആദ്യ ഭാര്യ സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോളി തന്നെ ഫോണില്‍ വിളിച്ച് തുടങ്ങിയിരുന്നതായും ഷാജു വ്യക്തമാക്കി.
ജോളിയുടെ പല പ്രവർത്തനങ്ങളിലും തനിക്ക് എതിർപ്പുണ്ടായിരുന്നു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും വെളിപ്പെടുത്താനുണ്ട്. കുട്ടിയെ നോക്കാന്‍ മടിയുണ്ടായതിനാലാണ് ജോലിയുണ്ടെന്ന് ജോളി കള്ളം പറഞ്ഞത്. ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. ജോളി പ്രശ്നമാക്കുമെന്ന് കരുതിയാണ് ഇടപെടാതിരുന്നതെന്നും ഷാജു പറഞ്ഞു.
ഇനി പൊതുസമൂഹത്തിന്റെ മുമ്പിൽ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കും. ജോളി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ല. കേസിൽ യാതൊരു നിയമസഹായവും ജോളിക്ക് കൊടുക്കില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.
രഞ്ജിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ജോളി
കുടുംബത്തിലെ പെൺകുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം. മുൻഭർത്താവ് റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ജോളി മൊഴി നൽകി. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും
കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കി എന്ന പരാതിയിലും അന്വേഷണം ശക്തമാണ്. കൂടത്തായി വില്ലേജ് ഓഫീസില്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
