തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്ന് ജോളിയുടെ മകൻ
text_fieldsകൊച്ചി: തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്ന് ജോളിയുടെ മകൻ റോമോ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും. കൃത്യമായ ഉത്തരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ലഭിക്കുമെന്നാണ് വിശ്വാസമെന്ന് റോമോ പറഞ്ഞു.
‘എനിക്ക് തളര്ന്നിരിക്കാൻ കഴിയില്ല, ഒരു അനുജൻ കൂടിയുണ്ട്, ഞാൻ തളർന്നാൽ അവനും തളര്‍ന്നുപോകും. അതുകൊണ്ട് പ്രതിസന്ധികളെ മറികടക്കും’- റോമോ പറഞ്ഞു. ദൈവത്തിെൻറ ഒരു കണ്ണ് എല്ലാത്തിലുമുണ്ട്. സത്യത്തിലും നീതിയിലുമാണ് വിശ്വാസമെന്നും കൂട്ടിച്ചേർത്തു.
സ്വത്ത് കിട്ടാനുള്ള തങ്ങളുടെ കളിയാണിതെന്ന് ആക്ഷേപിക്കുന്നവരുണ്ടെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. എന്നാൽ, തങ്ങൾക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും പിതാവിെൻറ സ്വത്തിൽ മക്കൾക്ക് അവകാശമുള്ളതാണെന്നും അവർ വ്യക്തമാക്കി. ജോളി കാണിച്ച ഒസ്യത്ത് വ്യാജമായിരുന്നു. ആദ്യം കാണിച്ചപ്പോൾ അതിൽ സ്റ്റാമ്പുകൾ പതിപ്പിക്കുകയോ ദിവസം അടയാളപ്പെടുത്തുകയോ പോലും ചെയ്തിരുന്നില്ല. പിന്നീട് ഇവയെല്ലാം ചേർത്തുകൊണ്ടുവന്നു.
അതിൽനിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഇതിനോടകം സത്യം മനസ്സിലായി കഴിഞ്ഞിരിക്കുന്നുവെന്നും അവർ പറഞ്ഞു. മറ്റൊന്നും തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളല്ല. ഇനി ഈ മക്കളുടെ അമ്മയും അച്ഛനും ഞാനും എെൻറ സഹോദരനുമാണ്- റോമോയെ ചേർത്തുപിടിച്ച് അവർ പറഞ്ഞു.
ഓരോ മരണത്തിലെയും സമാനതകളും തങ്ങൾക്ക് നേരിട്ട അനുഭവങ്ങളും കൂട്ടിവായിച്ചപ്പോൾ പല സംശയങ്ങളും ഉണ്ടായി. ഒരിക്കലും താങ്ങാനാകാത്ത സത്യങ്ങളാണ് അപ്പോൾ തെളിഞ്ഞുവന്നത്. താനും സഹോദരനും സത്യം തെളിയിക്കാൻ ഒരുപാട് ബുദ്ധിമുട്ടി. ഒറ്റക്കായിരുന്നു പൊരുതിയത്. മരണങ്ങളെല്ലാം സ്വാഭാവികമാണെന്ന് ആരും വിചാരിക്കരുത്.
പോസ്റ്റുമോര്‍ട്ടം നടത്തുന്നതും മൃതദേഹം കീറിമുറിക്കുന്നതുമെല്ലാം പലര്‍ക്കും ബുദ്ധിമുട്ടാണ്. അങ്ങനെ ചിന്തിക്കരുതെന്നും അവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ കെ.ജി. സൈമൺ, പി.ആർ. ഹരിദാസ് ഉൾപ്പെടെ അന്വേഷണ സംഘത്തിന് നന്ദി പറയുന്നുവെന്നും റെഞ്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
