You are here
അന്വേഷണം അട്ടിമറിക്കാന്‍ ജോളി എസ്.പിയെ വരെ മാറ്റാന്‍ ശ്രമിച്ചു
വടകര: കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണസംഘത്തിെൻറ നീക്കം തെൻറ നേര്‍ക്കാണെന്ന് മനസ്സിലായതോടെ, മുഖ്യപ്രതി ജോളി റൂറല്‍ എസ്.പി കെ.ജി. സൈമണിനെവരെ സ്ഥലം മാറ്റാൻ ശ്രമിച്ചതായി സൂചന. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ഹരിദാസിനെ മാറ്റാനും ശ്രമിച്ചിരുന്നു. തിരുവനന്തപുരത്ത് ബന്ധമുള്ള തെൻറ അടുത്ത സുഹൃത്തിെൻറ ഭര്‍ത്താവിനെ ഉപയോഗിച്ചാണിതിന് കരുക്കള്‍ നീക്കിയത്.
കേസിൻെറ ആദ്യഘട്ടത്തില്‍ തന്നെ പരാതിക്കാരനായ റോജോ തോമസിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് മറ്റ് നീക്കങ്ങള്‍ തുടങ്ങിയത്. പൊന്നാമറ്റം കുടുംബത്തിെൻറ കല്ലറ തുറക്കുന്നത് തടയാനും ശ്രമിച്ചു. അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യലിനിടെ ജോളി തന്നെയാണിത് വെളിപ്പെടുത്തിയത്. പിടിക്കപ്പെടുമെന്നുറപ്പുള്ളപ്പോഴും ഏതെങ്കിലും ഒരു വഴി തനിക്കായുണ്ടാകുമെന്നായിരുന്നു വിശ്വാസമെന്ന് ജോളി മൊഴി നല്കി. എല്ലാം, പാളിയതോടെയാണ് ചില ക്രിമിനല്‍ അഭിഭാഷകരെ കണ്ടത്.
തെളിവുകള്‍ കണ്ടെത്തുന്നതിന് വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും നിലവിലെ അന്വേഷണത്തില്‍ സംതൃപ്തിയാണ് പൊലീസിനുള്ളത്. ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്കിയ സംഘത്തിന് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ ഗുഡ് സര്‍വിസ് എന്‍ട്രി നല്കി. ഈ മരണങ്ങള്‍ക്ക് പിന്നില്‍ വലിയ ദുരൂഹതകളുണ്ടെന്നും അന്വേഷണം ആവശ്യമുണ്ടെന്നും തിരിച്ചറിഞ്ഞത് റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ്.
അഡീ. എസ്.പി സുബ്രമണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ഹരിദാസന്, എസ്.ഐ ജീവന് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി നടത്തിയ അന്വേഷണമാണ് കരുത്തായത്. നിലവില്‍ ആറു കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ക്ക് കൈമാറി മുന്നോട്ടുപോവുകയാണ്. മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ.