കൂടരഞ്ഞിയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsജോസഫ്
തിരുവമ്പാടി (കോഴിക്കോട്): കൂടരഞ്ഞി കുളിരാമുട്ടിയിൽ കനത്ത മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവമ്പാടി വെണ്ണായിപ്പിള്ളിൽ ജോസഫാണ് (75) മരിച്ചത്. കൂടരഞ്ഞി കുളിരാമുട്ടിയിലെ സ്രാമ്പി-സലോമി റോഡിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
റോഡിന് കുറുകെയുള്ള ചപ്പാത്തിലെ ഒഴുക്കിൽപെട്ട് സ്കൂട്ടർ സമീപത്തെ സ്രാമ്പി തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ സ്കൂട്ടർ കിടക്കുന്നതുകണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഒരുകിലോമീറ്റർ താഴെ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ കൃഷിയിടത്തിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു ജോസഫ്.
കുട്ടിയമ്മയാണ് ജോസഫിന്റെ ഭാര്യ. മക്കൾ: ഷിജി (എ.ടു.ഇസെഡ് ക്രെയിൻ സർവിസ് തിരുവമ്പാടി), ബിജു, പരേതനായ ജെയ്സൻ. മരുമക്കൾ: എൽസി പള്ളിക്കുന്നേൽ, ജെസി പ്ലാതോട്ടത്തിൽ, ഷീജ കളത്തിങ്കൽ. സംസ്കാരം ശനിയാഴ്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
1988 ജൂൺ രണ്ടിനുണ്ടായ മലവെള്ളപ്പാച്ചിലിൽ സ്രാമ്പി തോട് മുറിച്ചുകടക്കവേ ഒഴുക്കിൽപെട്ട് പെൺകുട്ടിയെ കാണാതായിരുന്നു. കാണാതായ സലോമിയുടെ (19) കൈയുടെ അവശിഷ്ടം മാത്രമാണ് കണ്ടെത്താനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

