Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീതി പരത്തിയ കരിമ്പുലി ഒടുവിൽ പിടിയിൽ: കരിമ്പുലി കുടുങ്ങുന്നത് കോന്നിയുടെ ചരിത്രത്തിൽ ആദ്യം

text_fields
bookmark_border
ഭീതി പരത്തിയ കരിമ്പുലി ഒടുവിൽ പിടിയിൽ: കരിമ്പുലി കുടുങ്ങുന്നത് കോന്നിയുടെ ചരിത്രത്തിൽ ആദ്യം
cancel
camera_alt

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കുളത്തുമണ്ണിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി കുടുങ്ങി. ശിവക്ഷേത്രത്തിന് സമീപം ഞണ്ടുപാറ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കരിമ്പുലി അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.45 നാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പും പഞ്ചായത്തംഗം ജിജ പുഷ്പനും സ്ഥലത്തെത്തി. കൂട്ടിൽ കെണിയായി വെച്ചിരുന്ന ആടും കരിമ്പുലിയും ഒരുഭാഗത്തു തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ, ആടിനെ പുലി ഉപദ്രവിച്ചിട്ടില്ല.

വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ എത്തിയതോടെ വനപാലകർ കൂട് മറച്ചു. കോന്നിയിൽ നിന്നെത്തിയ ആർ.ആർ.ടിയുടെയും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ രാത്രി 8.30തോടെ കൂട് വാഹനത്തിൽ കയറ്റി അപ്പർമൂഴിയാർ വനമേഖലയിൽ തുറന്നുവിടാനായി കൊണ്ടുപോയി. ഏഴ് മാസം മുമ്പാണ് സ്ഥലത്ത് കൂട് സ്ഥാപിച്ചത്. ഇവിടെ സ്ഥിരമായി പുലിയുടെ സാന്നിധ്യം ഉണ്ടാകുകയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും കൊന്നു തിന്നുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. സ്കൂൾ ബസിന്റെ മുന്നിൽ പുലി എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

കൂട് സ്ഥാപിച്ച ശേഷവും പുലി പശുക്കിടാവിനെയും ആടുകളെയും കൊന്നിട്ടുണ്ട്. അതിനാൽ കൂട് സ്ഥലത്തുനിന്ന് മാറ്റേണ്ടെ എന്ന നിലപാടിലായിരുന്നു നാട്ടുകാർ. ആദ്യം കൂട് സ്ഥാപിച്ച ഭാഗത്തുനിന്ന് അൽപം മാറ്റി വെക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കൂട്ടിൽ കിടന്ന ആടിനെ പുലി ആക്രമിച്ചു കൊന്ന സംഭവവും ഉണ്ടായി. കലഞ്ഞൂർ പഞ്ചായത്തിലെ ആറാം വാർഡിൽപെടുന്ന പ്രദേശമാണിത്.

കോന്നി: കുളത്തുമൺ, പോത്തുപാറ, കമ്പകത്തുംപച്ച, തിടി, കള്ളിപ്പാറ, എലിക്കോട് മേഖലയിൽ മാസങ്ങളായി ഭീതി പടർത്തിയിരുന്ന കരിമ്പുലി വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടു. കഴിഞ്ഞ വർഷം അച്ചൻകോവിൽ വനമേഖലയിൽ ആറിന്റെ കരയിലാണ് കരിമ്പുലിയെ യാത്രക്കാർ ആദ്യം കാണുന്നത്. ഇത് വനത്തിലൂടെ സഞ്ചരിച്ച് ഇവിടെ എത്തിയതാണെന്നാണു കരുതുന്നത്. മുമ്പ് കലഞ്ഞൂർ പഞ്ചായത്ത് 9ാം വാർഡിൽ തിടി ഭാഗത്തെ കുറ്റിക്കാട്ടിൽ കാട്ടുപന്നിയെ ഓടിച്ചെത്തിയ കരിമ്പുലിയെ നാട്ടുകാർ കണ്ടിരുന്നു. ഒരു പന്നിയെ ആക്രമിച്ചു കൊന്ന നിലയിലുമായിരുന്നു. പിന്നീട് പലതവണ ഇതിനെ ആളുകൾ കണ്ടു. കഴിഞ്ഞ മാസം എലിക്കോട് ഇരുകുഴി ഭാഗത്താണു നാട്ടുകാർ കരിമ്പുലിയെ കണ്ടത്. കള്ളിപ്പാറയുടെ അടിവാരത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

കോന്നിയുടെ ചരിത്രത്തിൽ ആദ്യമായാണ് കരിമ്പുലിയെ പിടികൂടുന്നത്. നാലു വർഷത്തിനിടെ കലഞ്ഞൂർ പ‍ഞ്ചായത്തിൽനിന്ന് പിടികൂടുന്ന നാലാമത്തെ പുലിയാണിത്. 2024 ഡിസംബറിലാണ് കൂടൽ പാക്കണ്ടത്തുനിന്നാണു മൂന്നാമത്തെ പുലി കെണിയിൽ കുടുങ്ങിയത്. അതിനു രണ്ട് മാസം മുമ്പ് ഇഞ്ചപ്പാറ ഭാഗത്തെ റബർത്തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ മറ്റൊരു പുലി അകപ്പെട്ടിരുന്നു. 2023 സെപ്റ്റംബറിലാണ് പാക്കണ്ടം ഭാഗത്തു നിന്ന് ആദ്യമായി ഒരു പുലിയെ പിടികൂടുന്നത്. ഏതാനും വർഷം മുൻപ് അരുവാപ്പുലം പഞ്ചായത്തിലെ ഐരവണിൽനിന്ന് കോന്നി പഞ്ചായത്തിലെ ആവോലിക്കുഴിയിൽനിന്നും പുലിയെ പിടികൂടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Konni’s First Black Tiger Finally Trapped
Next Story