കൊണ്ടോട്ടി നഗരസഭാ ഭരണം കോൺഗ്രസ്-ലീഗ് സഖ്യത്തിന്
text_fieldsമലപ്പുറം: കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ് - ലീഗ് സഖ്യം പുനസ്ഥാപിച്ചു. ഇതോടെ കോൺഗ്രസിലെ സി.കെ നാടിക്കുട്ടി ലീഗ് പിന്തുണയോടെ ചെയർമാൻ സ്ഥാനത്തെത്തി. 40 അംഗ നഗരസഭയിൽ 17 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് സഖ്യം വിജയിച്ചത്. എതിർസ്ഥാനാർഥിക്ക് പത്ത് വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ഒരു കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
മതേതര വികസന മുന്നണി എന്ന പേരിൽ സി.പി.എം-കോൺഗ്രസ് സഖ്യമാണ് നേരത്തേ നഗരസഭ ഭരിച്ചിരുന്നത്. ഇരു പാർട്ടികളുടെയും പരസ്പര ധാരണ പ്രകാരം ചെയർമാനും വൈസ് ചെയർപേഴ്സണും രാജിവെക്കുകയായിരുന്നു.കോൺഗ്രസ് പ്രതിനിധിയായ ചെയർമാൻ സി.കെ. നാടിക്കുട്ടിയും വൈസ് ചെയർപേഴ്‌സൺ കെ. നഫീസയുമാണ് സ്ഥാനം ഒഴിഞ്ഞത്.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം അംഗം വിജയിച്ചെങ്കിലും എസ്.ഡി.പി.ഐ പിന്തുണച്ചതിനാൽ ചെയർപേഴ്സൻ രാജിവെക്കുകയായിരുന്നു. മുസ്‌ലിം ലീഗ് 18, കോൺഗ്രസ് 10, സി.പി.എം 10, സി.പി.ഐ 1, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇതേതുടർന്നാണ് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
