മലപ്പുറം: കൊണ്ടോട്ടി മത്സ്യമൊത്ത വിപണന കേന്ദ്രം അടച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യവുമായി എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇയാൾ എത്തിയ സമയത്ത് മാർക്കറ്റിൽ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
കൊയിലാണ്ടി ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഞായറാഴ്ച കോവിഡ് നടത്തിയതിൽ മൂന്ന് പേരുടെ ഫലം പോസിറ്റീവ് ആയിരുന്നു. 250 പേർക്കാണ് ടെസ്റ്റ് നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഗ്നിശമനസേനയും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തുറമുഖത്ത് അണുനശീകരണം നടത്തി. കൊയിലാണ്ടി നഗരസഭ ടൗൺ ഉൾപ്പെടുന്ന വാർഡ് ഞായറാഴ്ച കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.
കൊയിലാണ്ടി മാർക്കറ്റിൽ ചൊവ്വാഴ്ച കോവിഡ് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. നഗരസഭയും ആരോഗ്യ വകുപ്പും ചേർന്ന് രാവിലെ 9 മുതൽ മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി കോവിഡ് പരിശോധന നടത്തുന്നത്.