കാർ വാടകക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
text_fieldsഇരവിപുരം: വാടകക്കെടുക്കുന്ന കാറുകൾ മറിച്ചുവിറ്റിരുന്ന സംഘത്തിലെ പ്രധാനിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം നേമം അമ്പനാട് ശിവശൈലത്തിൽ ശരത്കുമാറാണ് പിടിലായത്. ഇയാളുടെ കൂട്ടാളിയായ കായംകുളം സ്വദേശിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
അയത്തിൽ സ്വദേശിയായ യുവാവിെൻറ കാർ വാടകക്കെടുത്ത് കടന്ന സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കവെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാൾ റിമാൻഡിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിെൻറ ചുരുളഴിയുന്നത്.
ഒ.എൽ.എക്സിലും മറ്റും കാറുകൾ വാടകക്കെന്ന പേരിൽ പരസ്യം ചെയ്യുന്ന ഉടമകളെ ഫോണിൽ ബന്ധപ്പെടുകയും വാടക പറഞ്ഞ് ഉറപ്പിച്ചശേഷം വാഹനം കൈക്കലാക്കി കടന്നുകളയുകയുമാണ് പതിവ്. അയത്തിൽ സ്വദേശിയുടെ കാർ രണ്ടുദിവസത്തേക്കാണ് ഇയാളും കൂട്ടാളിയും കൂടി വാടകക്കെടുത്തത്. രണ്ടുദിവസം കഴിഞ്ഞിട്ടും കാർ തിരികെ കൊണ്ടുവരാതിരുന്നപ്പോൾ കാറുടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാറിെൻറ കാര്യം മറന്നേക്കൂ എന്നായിരുന്നു മറുപടി. ഇതിനെതുടർന്നാണ് കാറുടമ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. ഇവർ വാടകക്കെടുക്കുന്ന കാറുകൾ മയക്കുമരുന്ന്, സ്വർണക്കടത്ത് തുടങ്ങിയവ നടത്തുന്ന സംഘങ്ങൾക്കാണ് വിൽക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
ശരത്കുമാർ പിടിയിലായ വിവരമറിഞ്ഞ് കൂട്ടാളിയായ കായംകുളം സ്വദേശി അയത്തിൽനിന്ന് തട്ടിയെടുത്ത കാർ കായംകുളത്ത് ഉപേക്ഷിച്ചശേഷം ഒളിവിൽ പോകുകയായിരുന്നു. ഇവിടെനിന്ന് ഇരവിപുരം പൊലീസ് കാർ കണ്ടെത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഇവർ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. തിരുവല്ല കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ഗ്രേഡ് എസ്.ഐ ആൻറണി, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
